ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനും ധാരണ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്. കര്‍ക്കടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്നാണ് വിവരം.  സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനും ധാരണയായി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനമെടുക്കും.

സിപിഐഎം നേതൃത്വത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ഇനി മുന്നണിയുടെ അംഗീകാരമാണ് വേണ്ടത്. വെള്ളി, ശനി ദിവസങ്ങളിൽ സിപിഐഎം സംസ്ഥാനകമ്മിറ്റിയും തിങ്കളാഴ്ച ഇടതുമുന്നണി യോഗവുമുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായേക്കും.

മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജൻ തിരിച്ചെത്തുമ്പോൾ നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കിൽ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാനവകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാം. ജയരാജന് വഴിയൊരുക്കാനായി ആരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല.

You must be logged in to post a comment Login