ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; നേതാക്കള്‍ക്കിടയില്‍ ധാരണ

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായെങ്കിലും ഇ.പിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയും എല്‍.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. ആദ്യമായിട്ടായിരുന്നു അദ്ദേഹം മന്ത്രിയായത്. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ് ഇ.പി.ജയരാജന്‍.

You must be logged in to post a comment Login