ഇ-വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി എന്‍ടിപിസി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി). പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണമെന്ന നിലയില്‍ ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്.

ശുദ്ധമായ ഊര്‍ജം ഉപയോഗിച്ചുള്ള ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയ്ന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യമെന്നാണ് എന്‍ടിപിസി പറയുന്നത്. ഡല്‍ഹിയിലും ദേശീയ തലസ്ഥാനത്തെ മേഖലകളിലും മറ്റ് നഗരങ്ങളിലും വരുന്ന കാലങ്ങളില്‍ നിരവധി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്ന് എന്‍ടിപിസി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

2030 ഓടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ലക്ഷ്യമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധന അനിവാര്യമാണ്.

ഇലക്ട്രിക് വാഹനങ്ങളെ വലിയ രീതിയില്‍ തന്നെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ ഏപ്രിലില്‍ പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഘന വ്യവസായ മന്ത്രാലയവും നീതി ആയോഗും ചേര്‍ന്ന് നയം തയാറാക്കിവരികയാണ്.

You must be logged in to post a comment Login