ഈദുല്‍ ഫിത്വര്‍: സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 ദിവസം അവധി

Indian Telegram Android App Indian Telegram IOS App

സൌദി അറേബ്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്കായി അടച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനാറ് ദിവസമാണ് ഇത്തവണ ഈദുല്‍ ഫിത്വര്‍ അവധി. ഇതോടെ നേരത്തെ നിശ്ചയിച്ചതിനും നാല് ദിവസം അധികമാണ് അവധി ലഭിച്ചത്.

സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നത്തോട് കൂടി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പെരന്നാള്‍ പ്രമാണിച്ച് അടച്ചത്. ജൂണ്‍ 20ന് ചൊവ്വാഴ്ച മുതല്‍ പെരുന്നാള്‍ അവധി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഈ വാരാന്ത്യത്തിന് ശേഷം രണ്ട് പ്രവൃത്തി ദിനങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ പൗരന്മാരുടെയും കുടുംബങ്ങളുടെയും സൗകര്യം പരിഗണിച്ച് വ്യാഴാഴ്ച അവസാനിക്കുന്നതോടെ അവധി ആരംഭിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കുകയായിരുന്നു. പൗരന്മാര്‍ ഏറെ സന്തോഷത്തോടെയാണ് രാജാവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്.

ജൂണ്‍ 16ന് ആരംഭിക്കുന്ന പെരുന്നാള്‍ അവധി ജൂലൈ ഒന്ന് വരെ തുടരും. ശവ്വാല്‍ എട്ടിന് അഥവാ ജൂലൈ രണ്ടിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുക. സൌദിയിലെ സ്കൂളുകള്‍ നോന്പും മധ്യവേനലും പ്രമാണിച്ച് റമദാനിന് മുമ്പ് അടച്ചിരുന്നു. ഹജ്ജിന് ശേഷമാണ് സ്കൂളുകള്‍ തുറക്കുക. സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോയിലെ 245 ഉദ്യോഗസ്ഥര്‍ക്ക് 65 ലക്ഷത്തിലധികം റിയാലിന്റെ പാരിതോഷികം നല്‍കാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. രാഷ്ട്രത്തിന്റെ പൊതുമുതല്‍ സംരക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പാലിച്ച ജാഗ്രതക്കും സേവനത്തിനുമുള്ള അംഗീകാരം കൂടിയാണ് രാജാവിന്റെ പ്രത്യേക പാരിതോഷികം.

You must be logged in to post a comment Login