ഈസ്റ്റര്‍ വിശേഷം

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി


എല്ലാ ക്രൈസ്തവ കുടുംബങ്ങളും ഐക്യത്തോടും വിശുദ്ധിയോടും കൂടി ഈസ്റ്റര്‍ ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഇറ്റലി. ഈസ്റ്റര്‍ വാരത്തിന്റെ ആരംഭദിനമായ ഓശാന ഞായറാഴ്ച ഒലിവിലയും കുരുത്തോലയുമായി വിശ്വാസികള്‍ ദേവാലയങ്ങളിലേക്കു പോകും. പുരോഹിതര്‍ അവ ആശീര്‍വദിച്ചു വിശ്വാസികള്‍ക്കു നല്‍കും. മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ നടക്കുന്ന പീഢാനുഭവശുശ്രൂഷയില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കു ചേരും. കാല്‍ കഴുകല്‍ ശുശ്രൂഷയും ദേവാലയ പ്രദക്ഷിണവും ഈസ്റ്റര്‍ സദ്യയും മുഖ്യ ഇനങ്ങളാണ്. കുഞ്ഞാടിന്റെ വറുത്ത ഇറച്ചി, പലതരം ബ്രഡുകള്‍, മധുരപലഹാരങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ഈസ്റ്റര്‍ സദ്യയിലെ പ്രധാന വിഭവങ്ങള്‍. ചോക്‌ളേറ്റു കൊണ്ടുണ്ടാക്കിയ ഈസ്റ്റര്‍ മുട്ടകളും സമ്മാനങ്ങളും അന്നു കൈമാറും.

ഇന്ത്യന്‍ സാംസ്‌കാരവുമായി ബന്ധമുള്ള ആചാരങ്ങള്‍ക്കാണ് മെക്‌സിക്കോയിലെ ക്രൈസ്തവര്‍ ഈസ്റ്റര്‍വാരത്തില്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായ രീതിയിലുള്ള ആഘോഷങ്ങളാണ് പ്രധാനമായും ഇവിടെ അരങ്ങേറുക. കുരുത്തോലകളുമേന്തി വിശ്വാസികള്‍ ഓശാന ദിവസം ദേവാലയങ്ങളിലെത്തും. വൈദികര്‍ വെഞ്ചരിക്കുന്ന കുരുത്തോലകള്‍ ഭവനങ്ങളില്‍ തൂക്കിയിടും. ദുഷ്ടശക്തികളുടെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷനേടുവാന്‍ ഇതു സഹായിക്കുമെന്ന ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ പീഢാസഹനവുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് ഇവര്‍ ഈസ്റ്റര്‍വാരത്തില്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അന്ത്യ അത്താഴം, ഒറ്റിക്കൊടുക്കല്‍, കുരിശിന്റെ പന്ത്രണ്ട് വഴികളിലൂടെയുള്ള പ്രദക്ഷിണം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്‍പ്, യൂദായുടെ പ്രതിമ കത്തിക്കല്‍ എന്നിവയൊക്കെ പള്ളികളില്‍ നാടകരൂപത്തില്‍ അവതരിപ്പിക്കും.

നോര്‍വെയില്‍ ഈസ്റ്റര്‍ അറിയപ്പെടുന്നത് ‘പാസ്‌കെ’ എന്ന പേരിലാണ്. നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങള്‍ക്കാണ് നോര്‍വെയിലെ ക്രൈസ്തവര്‍ പ്രധാന്യം നല്‍കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ അധികദിവസം ഇവര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.ഈസ്റ്റര്‍ അവധി തുടങ്ങുന്നത് ഈസ്റ്റര്‍ വാരത്തിലെ ബുധനാഴ്ചയാണ് അവസാനിക്കുന്നതാകട്ടെ ഈസ്റ്റര്‍ ഞായറിനുശേഷം വരുന്ന ചൊവ്വാഴ്ചയും. ഈസ്റ്റര്‍വാരത്തില്‍ രാജ്യമെമ്പാടും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയായിരിക്കും. മതപരമായ ചടങ്ങുകള്‍ക്ക് ഇവിടെ വലിയ പ്രധാന്യമുണ്ട്. ഈസ്റ്റര്‍ സദ്യയിലെ മുഖ്യവിഭവം ഈസ്റ്റര്‍ ചിക്കനാണ്. ഈസ്റ്റര്‍ ചിക്കനും മുട്ടുകള്‍ക്കും മഞ്ഞ നിറമാണ് നല്‍കുന്നത്. ‘യാത്ത്‌സീ ‘എന്ന ദേശീയ മത്സരവും ഈസ്റ്റര്‍വാരത്തില്‍ അരങ്ങേറും. കുറ്റാന്വേഷണ നോവലുകള്‍ വായിക്കുവാനും അവയുടെ നാടകാവതരണം അവതരിപ്പിക്കുവാനും ഇവര്‍ മുന്റെകെയ്യെടുക്കാറുണ്ട്. ഈസ്റ്റര്‍വാരത്തില്‍ ടി.വി, റേഡിയോ, പത്രമാധ്യമങ്ങള്‍ എന്നിവയിലൂടെ അഗത ക്രിസ്റ്റിയുടെയും രൂത്ത് റണ്ടലിന്റെയും കുറ്റാന്വേഷണ നോവലുകളുടെ സംപ്രക്ഷേണം തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കും. ‘ഈസ്റ്റര്‍ ത്രില്ലേഴ്‌സ് ‘ എന്ന തലകെട്ടിലായിരിക്കും അവ അവതരിപ്പിക്കുക.

മധ്യ യൂറോപ്യന്‍ രാജ്യങ്ങളെപോലെ തന്നെ പോളണ്ടിലെ ക്രൈസ്തവരും ഈസ്റ്റര്‍ വാരത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്, മതപരമായ ചടങ്ങുകള്‍ക്കു തന്നെയാണ് മുഖ്യസ്ഥാനം. പരമ്പരാഗതമായ ഒരു ചടങ്ങാണ് ‘അനുഗ്രഹിക്കപ്പെട്ട കുട’. ദുഃഖശനിയാഴ്ച വിശ്വാസികള്‍ മനോഹരമായി തയ്യാറാക്കിയ ഒരു കുടയില്‍ നിറമുള്ള മുട്ടകള്‍, ബ്രഡ്, കേക്ക് ,ഉപ്പ് ,കുരുമുളക്, വെണ്ണ നിറത്തിലുള്ള സോസ് എന്നിവയുമായി ദേവാലയങ്ങളിലേക്കു പോകും. വൈദീകര്‍ അവ ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു നല്‍കും. ഭയഭക്തിയോടെ വിശ്വാസികള്‍ അവ ഭക്ഷിച്ച് അനുഗ്രഹം പ്രാപിക്കും. ഈസ്റ്റര്‍ വാരത്തിനു മുമ്പുള്ള 40 ദിവസം ഭക്തജനം നോമ്പ് ആചരിക്കും. ഈസ്റ്റര്‍ ദിനത്തിലുള്ള പ്രഭാതഭക്ഷണത്തിന് വലിയ പ്രാധാന്യമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അതിനായി കടന്നുവരും. പച്ചിലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും ഭക്ഷണമേശ മനോഹരമായി അലങ്കരിക്കും. ഈസ്റ്റര്‍ വാരത്തില്‍ പുകവലി കര്‍ശനമായി ഇവിടെ നിരോധിച്ചിട്ടുണ്ട്. തണുത്ത ഭക്ഷണം ഈ ദിവസങ്ങളില്‍ ഉപയോഗിക്കില്ല. വാട്ടിയ കോഴിമുട്ടയും കുരുമുളകും വൈദികന്‍ ആശീര്‍വദിച്ചത് വിശ്വാസികള്‍ പങ്കുവെച്ചു കഴിക്കും. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കു പെര്‍ഫ്യൂം നല്‍കുന്ന ചടങ്ങുമുണ്ട്.

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ ആചാരാനുഷ്ഠാനമാണ് ഈസ്റ്റര്‍ വാരത്തില്‍ റഷ്യയിലെ ക്രൈസ്തവര്‍ പിന്തുടര്‍ന്നു വരുന്നത്. പൗരസ്ത്യ സഭകള്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരവും പാശ്ചാത്യസഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരവുമാണ് ഈസ്റ്റര്‍ ആചരിക്കുക. കലണ്ടറുകള്‍ തമ്മില്‍ 13 ദിവസത്തെ വ്യത്യാസമുണ്ടായിരിക്കും. ജൂലിയന്‍ കലണ്ടന്‍ അനുസരിച്ചുള്ള ഈസ്റ്റര്‍ ആഘോഷമാണ് റഷ്യയില്‍ അരങ്ങേറുക. ദുഖഃശനിയാഴ്ച രാത്രി തന്നെ ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ ദേവാലയങ്ങളില്‍ ആരംഭിക്കും.രാവിലെ വൈദീകര്‍ മദ്ബഹയില്‍ നിന്നുകൊണ്ടു ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറയും. ‘കര്‍ത്താവായ യേശുക്രിസ്തു മരണത്തെ തോല്‍പിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.’ മൂന്നു പ്രാവശ്യം പ്രഖ്യാപനം ആവര്‍ത്തിക്കും. ഇതു കേള്‍ക്കുന്ന വിശ്വാസികള്‍ ‘അതേ, ക്രിസ്തു ഉയിര്‍ത്തു’ എന്ന് ഏറ്റു പറയും. ഈസ്റ്റര്‍ മുട്ടകളുടെ അലങ്കാരമാണ് മറ്റൊരു ചടങ്ങ്. മുട്ടകളുടെ നിറം ചുവപ്പായിരിക്കും. അത് ക്രിസ്തുവിന്റെ രക്തത്തെ പ്രതിനിധീകരിക്കുന്നു. വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് ദേവാലയത്തില്‍ വച്ച് നടത്തുന്ന ഈസ്റ്റര്‍ സദ്യ പ്രധാന ചടങ്ങാണ്. വൈദീകര്‍ അനുഗ്രഹിച്ചു നല്‍കുന്ന കേക്കും വിശ്വാസികള്‍ പങ്കു വയ്ക്കും.

സ്വീഡനിലെ ക്രൈസ്തവര്‍ പള്ളികളില്‍ നടത്തുന്ന ശുശ്രൂഷകള്‍ക്കാണ് ഈസ്റ്റര്‍ വാരത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാളുകള്‍ക്കു ശേഷമുള്ള ഒരു ഒത്തുചേരലായി അവര്‍ അതിനെ കണക്കാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അവധിദിന ആഘോഷമാക്കി കൂടിയാണ് സ്വീഡിഷ് ജനത ഈസ്റ്റര്‍ വാരത്തെ കണക്കാക്കുന്നത്. പിക്‌നിക്കിനും പാര്‍ട്ടിക്കമുള്ള ഒരു വേദിയായി അവര്‍ അതിനെ ഉപയോഗിക്കുന്നു. കുട്ടികള്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങും.

ഈസ്റ്റര്‍ സമ്മാനങ്ങളുടെ കൈമാറ്റം പ്രധാന ചടങ്ങാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പെയിന്റുംഗുകള്‍ നല്‍കുകയും പ്രത്യുപകാരമായി അവരില്‍ നിന്ന് ഈസ്റ്റര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ട്. സ്വീഡനില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു ഈസ്റ്റര്‍ പഴഞ്ചൊല്ല് ഇപ്രകാരമാണ് ‘ഈസ്റ്റര്‍ വാരത്തില്‍ ദുഷ്ടശക്തികള്‍ അവരുടെ തലവനായ പിശാചിനെ കാണാന്‍ നീലമലയിലേക്കു പോകും.’ ആട്ടിറച്ചി വറുത്തത്, ഉരുളക്കിഴങ്ങ്, സവാള വിവിധ തരം സാലഡുകള്‍ എന്നിവയായിരിക്കും ഈസ്റ്റര്‍ സദ്യകളിലെ മുഖ്യവിഭവങ്ങള്‍. ചുവന്ന നിറത്തിലും മഞ്ഞ നിറത്തിലും പെയിന്റിംഗ് ചെയ്ത ഈസ്റ്റര്‍ മുട്ടകളും വിതരണം ചെയ്യും. സൂര്യോദയവും അസ്തമയവുമാണ് ഈ നിറങ്ങളെ പ്രതിനിധീകരിക്കുന്നത്.

ചരിത്രത്തിലെ ഈസ്റ്റര്‍ വിരുന്നുകള്‍

ഈസ്റ്ററിനോടനുബന്ധിച്ച് പുരാതനകാലം മുതല്‍ തന്നെ വിരുന്നുകള്‍ നടത്തുന്ന പതിവ് ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിലനിന്നിരുന്നു. ഓരോ രാജ്യത്തിന്റേയും പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിക്കുന്ന വിധത്തിലുള്ളതായിരുന്നു പ്രസ്തുത വിരുന്നുകള്‍.
എ.ഡി. 1465 ല്‍ സെല്‍ബിയിലെ കാവുഡ് കൊട്ടാരത്തില്‍ നടന്ന വിരുന്ന് ചരിത്രപ്രസിദ്ധമായ ഒന്നാണ്. അന്നത്തെ വിരുന്നില്‍ 100 കാളകള്‍, 6 കാട്ടുപോത്ത്, 1000 ആടുകള്‍, 304 കാളക്കിടാക്കള്‍, 300 പന്നികള്‍, 4000 പ്രാവുകള്‍, 5300 താറാവുകള്‍ എന്നിവയുടെ മാംസമാണ് ഉപയോഗിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളിലും മുടങ്ങാതെ ഈ വിരുന്ന് തുടര്‍ന്നു പോന്നു. സദ്യക്കു ശേഷം ഗംഭീരമായ കലാപരിപാടികളും നൃത്താഭ്യാസങ്ങളും പതിവുണ്ടായിരുന്നു.

എ.ഡി 1213 ല്‍ ജീവിച്ചിരുന്ന ജോണ്‍ മാര്‍ക്ക് രാജാവ് തന്റെ ബന്ധുമിത്രാദികളെയും വിദേശസൃഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വര്‍ഷം തോറും വിരുന്ന് സംഘടിപ്പിച്ചിരുന്നത്. 40കാളകളെയും 400 കാട്ടുപന്നികളെയും 200 കലമാനുകളെയും 500 ആടുകളെയും 15000 വലിയ മത്സ്യങ്ങളെയുമാണ് ഈസ്റ്റര്‍ വിരുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഭവസമൃദ്ധമായ സദ്യയില്‍ വിളമ്പുവാന്‍ ധാരാളം മുന്തിയ വീഞ്ഞും കരുതിയിരുന്നു.
പാരിക്രിയാനോ എന്ന ഇറ്റാലിയന്‍ നഗരത്തില്‍ വര്‍ഷം തോറും നടന്നു വന്നിരുന്ന വിരുന്നില്‍ സ്പാഗെറ്റി എന്ന വിഭവമായിരുന്നു പ്രധാനമായും വിളമ്പിയിരുന്നത്. 500 പുരുഷ•ാരും 400 സ്ത്രീകളും ചേര്‍ന്ന് 6 മണിക്കൂര്‍ കൊണ്ടാണ് വിരുന്ന് തയ്യാറാക്കിയിരുന്നത്. 3700 മുട്ട 950 കിലോ റവ, 470 കിലോ മാംസം, 800 കിലോ പഴുത്ത തക്കാളി,700 കിലോ സവാള, 750 കിലോ ഉരുളകിഴങ്ങ്, 30 കിലോ ജീരകം, 25 കിലോ വെളുത്തുള്ളി, ആവശ്യത്തിനുവേണ്ട ഉപ്പ്.. ഇവയായിരുന്നു സദ്യക്കു വേണ്ട വസ്തുക്കള്‍.

ഈസ്റ്റര്‍ ദിനത്തില്‍ ഗംഭീരമായ രണ്ടു വിരുന്നുകള്‍ നടത്തി ചരിത്രം സൃഷ്ടിച്ച രാജാവായിരുന്നു ഹെന്റി എട്ടാമന്‍. ആദ്യവിരുന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്കും രണ്ടാമത്തേത് വെളുപ്പിന് രണ്ടര മണിക്കും. 350 കാളകള്‍, 475 ആടുകള്‍, 7000 കോഴികള്‍, 1000 മത്സ്യങ്ങള്‍, 150 കാട്ടുപന്നികള്‍, 700 പ്രാവുകള്‍, 4000 താറാവുകള്‍ എന്നിവയായിരുന്നു ആദ്യ വിരുന്നിലെ വിഭവങ്ങള്‍. വെളുപ്പിനെയുള്ള വിരുന്നില്‍ മത്സ്യമാംസാദികള്‍ക്കു പകരം ലഹരി പിടിപ്പിക്കുന്ന വീഞ്ഞായിരുന്നു വിളമ്പിയത്. ആദ്യ വിരുന്നില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമേ രണ്ടാമത്തെ വിരുന്നിലും സംബന്ധിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. കൊട്ടാരം കവികള്‍, ഗായകര്‍ വിദേശ സുഹൃത്തുക്കള്‍ എന്നിവരെ പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നു. ഈസ്റ്റര്‍ വിരുന്നിന്റെ പിറ്റെ ദിവസം രാജ്യമൊട്ടാകെ പൊതു അവധി പ്രഖ്യാപിക്കുവാനും അദ്ദേഹം മറന്നിരുന്നില്ല. ആര്‍ഭാടപൂര്‍വ്വം നടത്തപ്പെട്ടിരുന്ന ഇത്തരം വിരുന്നുകള്‍ പില്‍ക്കാലത്ത് ചക്രവര്‍ത്തിമാര്‍ തമ്മിലുള്ള ഒരു മത്സരം പോലെ രൂപാന്തരപ്പെട്ടു എന്നതാണ് ചരിത്രത്തില്‍ നിന്നും നമുക്കു മനസിലാക്കാന്‍ കഴിയുന്ന ഒരു നഗ്നയാഥാര്‍ത്ഥ്യം.

 

You must be logged in to post a comment Login