ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല : തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

നീന്തല്‍ കുളത്തിന് നിലവാരം കുറഞ്ഞെന്ന കണ്ടെത്തല്‍ തൃശൂരില്‍ നടത്താനിരുന്ന ദേശീയ കായിക മേളയുടെ നീന്തല്‍ മത്സരം നഷ്ടപ്പെടുത്തി.  നിയമസഭാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിലവാരം തീരെ കുറവാണ് അക്വാറ്റിക് കോംപ്ലക്‌സിലുള്ള സ്വിമ്മിംഗ് പൂളിന്റേതെന്ന് വിലയിരുത്തി.  ഇതോടെ, നീന്തല്‍ മത്സരം തിരുവനന്തപുരത്തെ പിരപ്പന്‍കോടു തന്നെ നടത്താനുള്ള ചിന്തയിലാണ് അധികൃതര്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നില്ലെന്ന ആശ്വാസത്തിലാണ് സാംസ്‌ക്കാരിക തലസ്ഥാനത്തെ കായിക പ്രേമികള്‍.
1987 ല്‍ ദേശീയ കായികമേള തൃശൂരില്‍ നടന്നപ്പോള്‍ തൃശൂരിന് അനുവദിച്ച ഇനങ്ങളില്‍ ഒന്നായിരുന്നു നീന്തല്‍ മത്സരം.  ഇതിനായി അന്നത്തെ മുന്തിയ നിലവാരം അനുസരിച്ചുള്ള നീന്തല്‍ കുളം നിര്‍മ്മിച്ചു.  എന്നാല്‍, കുളം നവീകരിക്കാനുള്ള ശ്രമങ്ങളൊന്നും കാലാകാലങ്ങളില്‍ നടന്നില്ല. നീന്തല്‍ കുളത്തിന്റെ സംരക്ഷണവും അറ്റകുറ്റപണികളും പേരിനുപോലും ഇല്ലാതാകുകയായിരുന്നു അന്ന് നടന്ന ദേശീയ ഗെയിംസിന് ശേഷം.

 

 


നീന്തല്‍ കുളം നവീകരിച്ചിരുന്നെങ്കില്‍ ദേശീയ ഗെയിംസില്‍ നടത്തുന്ന നീന്തല്‍ മത്സരം നിഷ്പ്രയാസം ലഭിക്കുമായിരുന്നെന്ന് കായിക പ്രേമികള്‍ പരിതപിക്കുന്നു. ഗെയിംസ് അധികാരികള്‍ ഈ ഇനം തൃശൂരിന് മനസ്സാ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിയമസഭാ സമിതിയുടെ പരിശോധന ഫലം പ്രതികൂലമായതാണ് തൃശൂരിന് നഷ്ടമുണ്ടാക്കിയത്.
തട്ടേക്കാടും മറ്റും ബോട്ട്, തോണി ദുരന്തങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സാഹചര്യം മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കാന്‍ സംസ്ഥാനത്താകമാനം ശ്രമം നടന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പരിശീലന പരിപാടിയുടെ ഭാഗമായിട്ടുള്ള നീന്തല്‍ നടത്താന്‍ അക്വാട്ടിക് കോംപ്ലക്‌സിന്റെ നീന്തല്‍കുളം ഉപയോഗപ്പെടുത്തിയിരുന്നു.  ഇതിനാല്‍ സ്വിമ്മിംഗ് പൂള്‍ കുറേ കാലം സജീവമായി ഇപ്പോഴും നീന്തല്‍ പരിശീലനം ചിലപ്പോഴൊക്കെ നടക്കുന്നുണ്ട്.  ദുരന്തങ്ങള്‍ കഴിഞ്ഞ് നാളുകളേറെയായപ്പോള്‍ നീന്തല്‍ പരിശീലനത്തിനുള്ള ആകര്‍ഷണവും നഷ്ടമായപ്പോള്‍ അക്വാട്ടിക് സമുച്ചയത്തിലെ നീന്തല്‍ കുളവും നിര്‍ജീവമായിക്കൊണ്ടിരിക്കുന്നു.
ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മുന്‍കൈയ്യെടുത്ത് നീന്തല്‍കുളം നവീകരിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ട്.  ഇതിന്റെ നിര്‍വ്വഹണത്തിനായി നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്.  പിവിസി പൈപ്പുകള്‍ സ്ഥാപിക്കുക, വലുതും ചെറുതുമായ പമ്പുകള്‍ മാറ്റി നവീകരിക്കുക കൂടാതെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. നീന്തല്‍ കുളത്തിന്റെ സമഗ്രമായ നവീകരണത്തിനായി ചുരുങ്ങിയത് മൂന്നു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ പക്ഷം. എന്നാല്‍, ഇപ്പോഴത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പതു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

You must be logged in to post a comment Login