ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; പരാജയമെന്ന് ദക്ഷിണകൊറിയ

സോള്‍:എതിര്‍പ്പുകളെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ശ്രമം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതുതരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല. മിസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. അതേസമയം, അത് ഭൂഖണ്ഡാന്തര മിസൈലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തല്‍.

ഉത്തരകൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നടത്തി സൈനിക പരേഡില്‍ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.51ന് മിസൈല്‍ പരീക്ഷണം നടത്തിയത്. സൈനിക പരേഡില്‍ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നു. ഉത്തര കൊറിയ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ഈ പ്രകോപനത്തെത്തുടര്‍ന്ന്, ഓസ്‌ട്രേലിയന്‍ തീരത്തേക്കു പോവുകയായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പല്‍ വ്യൂഹം ഉത്തര കൊറിയന്‍ മേഖലയിലേക്കു തിരിച്ചു നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login