ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം 30 മരണം; നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു

utharakhand
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഘട്ട് ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ട് ലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ചു.

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. പുണ്യനദിയായ അളകനന്ദയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മാത്രം 54 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

uttarakhand-2

സുവ ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് നശിച്ചത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷുബ്ധമായ കാലാവസ്ഥയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് ഋഷികേശിനേയും ബദരീനാഥിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 58 ദേവപ്രയാഗിന് സമീപം അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യമുനോത്രി പാതയിലും താല്‍മുനസ്യാരി പാതയിലും നൂറു കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ഉരുള്‍പൊട്ടല്‍ കണക്കിലെടുത്ത് കേദാര്‍നാഥ് ദേശീയ പാതയില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

uttarakhand 3

You must be logged in to post a comment Login