ഉത്തരാഖണ്ഡ്, മണിപ്പൂര്‍,ഗോവ എന്നിവിടങ്ങളില്‍ ബിജെപി വിജയം കൊയ്യുമെന്ന് ഇന്ത്യ ടുഡെ സര്‍വെ; കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്

bjp

ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം കൊയ്യുമെന്ന് ഇന്ത്യ ടുഡെ സര്‍വെ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാലും വിജയം ബിജെപിക്കായിരിക്കുമെന്നാണ് പ്രവചനം.

ഉത്തരാഖണ്ഡ് നിയമസഭയില്‍ 70 സീറ്റുകളില്‍ 38-43 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിച്ചേക്കും. കോണ്‍ഗ്രസ് 26 മുതല്‍ 31 വരെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തായിരിക്കുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന് നേതാവുമായ 82 കാരന്‍ ബി.സി കണ്ഡൂരി മുഖ്യമന്ത്രിയാകണമെന്നാണ് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

2007 മുതല്‍ 2009 വരെയും 2011-2012 വരെയും കണ്ഡൂരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ഇപ്പോള്‍ അദ്ദേഹം പുരി ഗര്‍വാറില്‍ നിന്നുമുള്ള ലോക്‌സഭാ എംപിയാണ്.വികസനത്തിനാണ് തങ്ങളുടെ വോട്ട് എന്നാണ് ഉത്തരാഖണ്ഡിലെ 79 ശതമാനം ജനങ്ങളും പറയുന്നത്. സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനേക്കാളും ബിജെപിക്ക് കഴിയുമെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ പ്രത്യാശിക്കുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്താണ് മുഖ്യമന്ത്രി. എന്നാല്‍ നല്ല ഒരു വിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയായി ഇനി റാവത്തിനെ വേണ്ട എന്നാണ്.

മണിപ്പൂരിലും ബിജെപിക്കാകും വിജയമെന്ന് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് 60 സീറ്റുകളില്‍ 50 എംഎല്‍എമാരാണ് മണിപ്പൂര്‍ നിയമസഭയില്‍ ഉള്ളത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിലെ നാല് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

മണിപ്പൂരില്‍ ബിജെപി 31 മുതല്‍ 35 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ഒതുങ്ങും. സംസ്ഥാനത്തെ 40 ശതമാനം ജനങ്ങളും കോണ്‍ഗ്രസ് ഭരണം മടുത്തവരാണ്. ബിജെപി വരണമെന്നാണ് ഇവരുടെ ആഗ്രഹം. അഫസ്പക്കെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തിയ ഇറോം ശര്‍മ്മിള സമരം നിര്‍ത്തിയതും തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിന്തുണക്കില്ല എന്നാണ് 73 ശതമാനം ആളുകളുടേയും അഭിപ്രായം.

ഗോവയിലും ബിജെപിക്കാണ് വിജയമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. ഇവിടെ 40 സീറ്റുകളില്‍ 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രിന് 13-17 സീറ്റുകളും, എഎപിക്ക് 1-3 സീറ്റുകളും ലഭിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവയില്‍ നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ സര്‍ക്കാറില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും മതിപ്പുണ്ട്. 76 ശതമാനം ആളുകളും ബിജെപി ഭരണത്തില്‍ സംതൃപ്തരാണ്.

ഉത്തര്‍പ്രദേശിലും ബിജെപിക്കാകും വിജയമെന്ന് നേരത്തെ സര്‍വെ ഫലങ്ങള്‍ വന്നിരുന്നു. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ കൂടി ബിജെപി ആധിപത്യം നേടിയാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടി തന്നെയാകും സംഭവിക്കുക. പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണവും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകും എന്നാണ് വിലയിരുത്തല്‍.

You must be logged in to post a comment Login