ഉത്തരാഖണ്ഡ് വീണ്ടും പ്രളയ ഭീതിയില്‍ ; മഞ്ഞുമലയില്‍ രൂപംകൊണ്ട തടാകത്തിന് വലിപ്പം കൂടുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയില്‍ രൂപംകെണ്ട തടാകത്തിന് വീണ്ടും വലിപ്പം കൂടുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഉത്തരാഖണ്ഡിലെ നീതി താഴ്‌വരയില്‍ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിനാണ് വ്യാസം കൂടുന്നത്. വലിപ്പം കൂടുന്നതിനനുസരിച്ച് തടാകത്തില്‍ ജലം ഒഴുകിപ്പോകാതെ നിലനില്‍ക്കുന്നത് സമീപഭാവിയില്‍ ഭീഷണിയായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

മഞ്ഞുമലകള്‍ക്കിടയിലെ തടാകരൂപീകരണം 2001 ലാണ് ശ്രദ്ധയില്‍ പെട്ടത്. അന്ന് മുതല്‍ അതിന്റെ വിസ്താരം കൂടിക്കൊണ്ടിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍(യുഎസ്എസി) തടാകരൂപീകരണത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും കൂടുതല്‍ പഠനങ്ങള്‍ക്കായി വാദിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജിയോളജി(ഡബ്ല്യുഐഎച്ച്ജി)യോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

തടാകത്തിന്റെ വിസ്താരം വര്‍ധിക്കുന്നതിനനുസരിച്ച് അത് ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ അളവും കൂടും. പുറത്തേക്കൊഴുകാതെ നിലകൊള്ളുന്ന വെള്ളത്തിന്റെ മര്‍ദം ചിലപ്പോള്‍ മഞ്ഞുമല പിളരുന്നതിന് കാരണമായേക്കും. അങ്ങനെ വലിയ മഞ്ഞു പാളികള്‍ തടാകത്തില്‍ പതിക്കുകയാണെങ്കില്‍ വന്‍തോതില്‍ ജലം പുറത്തേക്കൊഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമായേക്കാം.

നേരത്തെ ഇതുപോലെ ചൗരാബാരി മഞ്ഞുമല പിളര്‍ന്ന് തടാകത്തില്‍ പതിച്ചത് വന്‍ പ്രളയത്തിനു തന്നെ കാരണമായിരുന്നു. അന്ന് കേദാര്‍നാഥ് വരെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിരുന്നു. അതുകൊണ്ടുതന്നെ സമാനദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിലവിലുള്ളതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

You must be logged in to post a comment Login