ഉത്തേജക പാക്കേജ് : കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാര്‍ക്ക് ???

  
  • കെ എം സന്തോഷ് കുമാര്‍

രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ,ഒരു മാസത്തിനുള്ളിലെ നാലാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന ഗുരുതരമായ മുരടിപ്പ് അതിജീവിക്കാൻ ലക്ഷ്യമിട്ടാണ്  1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവ് അനുവദിച്ചിരിക്കുന്നത്.ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പാക്കേജ് അനുസരിച്ച് രാജ്യത്തെ കോർപ്പറേറ്റ് മേഖലക്ക് ( കുത്തക കമ്പനികൾക്ക് ) 10 ശതമാനം നികുതിയിളവ് ലഭിക്കും. ഈ നടപടി സാമ്പത്തിക രംഗത്ത് പുതിയ ഉണർവ്വ് സൃഷ്ടിക്കും എന്ന സർക്കാരിന്റെ പ്രതീക്ഷയെ തിളക്കമുള്ള താക്കിക്കൊണ്ട് ഓഹരി വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ താല്ക്കാലികമായ ഇത്തരം ഉണർവ്വുകൾക്കപ്പുറത്ത് , രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യത്തിൽ ഗുണപരമായ എന്തു മാറ്റങ്ങളാണ് ഉത്തേജക പാക്കേജുകൾ സൃഷ്ടിക്കുക എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ മോദി സർക്കാരിന്റെ അവസാന കാലത്ത് അവതരിപ്പിക്കപ്പെട്ട ബജറ്റിലോ , രണ്ടാം മോദി സർക്കാരിന്റെ ബജറ്റിലോ, സാമ്പത്തിക സർവ്വേയിലോ  ഇത്ര ഗുരുതരമായ ഒരു സാമ്പത്തിക മുരടിപ്പ് ഇന്ത്യ നേരിടുന്നുണ്ട് എന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.  നോട്ട് നിരോധനവും ജി എസ് ടി യും എല്ലാം വമ്പൻ പരാജയങ്ങളാണെന്നും അത് ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വലിയ ഇടിവുണ്ടാക്കിയിക്കുന്നു , അത് എത്താൻ പോകുന്നത് എക്കണോമിക്കൽ ഡിപ്രഷൻ എന്ന മാന്ദ്യത്തിലേക്കായിരിക്കും എന്ന് ഭരണ വർഗ കുഴലൂത്തുകാരല്ലാത്ത സാമ്പത്തിക വിദഗ്ധർ ചുണ്ടിക്കാണിച്ചതിനെയൊക്കെ അവഗണിക്കുകയായിരുന്നു സർക്കാരും ബി ജെ പി നേതൃത്വവും. ജനങ്ങളിൽ നിന്ന് വസ്തുതകളെ മറച്ചു വച്ചു കൊണ്ട് , അവാസ്തവങ്ങളായ സങ്കുചിത വാദങ്ങൾ ഉയർത്തി , ഭരണ നേട്ടങ്ങളെന്ന് പൊലിപ്പിച്ചു കാട്ടി വ്യാജമായ ഒരന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിരുന്നു സർക്കാരും ബി ജെ പിയും.  സാമ്പത്തിക വളർച്ചാ നിരക്ക് ഗുരുതരമായ് ഇ ടി യു ക യും തൊഴിലില്ലായ്മയും കാർഷിക രംഗ പ്രതി സന്ധിയും രൂക്ഷമാകുകയും വിലക്കയറ്റം വർദ്ധിക്കുകയും വാങ്ങൽ ശേഷി കുറഞ്ഞ് ജനങ്ങൾ പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന ഇപ്പോൾ പോലും രാജ്യത്ത് സാമ്പത്തിക മുരടിപ്പ് ഉണ്ട് എന്ന് രാഷ്ട്രീയമായ് അംഗീകരിക്കാൻ തയ്യാറാകാത്ത ഉളുപ്പില്ലായ്മയാണ് കാണാനാകുന്നത്.  വാഹന വിപണിയുടെ മാന്ദ്യം , കള്ളപ്പണക്കാർക്ക് മുൻപത്തെ പോലെ കാറുകൾ വാങ്ങിക്കൂട്ടാൻ കഴിയാത്തതു കൊണ്ടാണെന്നും ,ഭൂമി കച്ചവടം കുറഞ്ഞത്  സാമ്പത്തിക അധോലോക ക്കാരായ റിയൽ എസ്റ്റേറ്റ് മാഫിയകൾ തകർന്നതുകൊണ്ടാ ണെന്നും അതൊക്കെ നോട്ട് നിരോധനം കൊണ്ടുള്ള ഗുണങ്ങളാണെന്ന് വാഴ്ത്തി പാടുകയാണ് ബി ജെ പി യുടെ സൈബർ പോരാളികൾ ഒരു വശത്ത്.  എന്നാൽ അതേ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രധനമന്ത്രി റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം നിർബന്ധപൂർവ്വം ചോദിച്ചു വാങ്ങി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ അപഹാസ്യ വൈരുദ്ധ്യത്തിനാണ് നാമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
കോർപറേറ്റുകൾക്ക് വർഷം 1.45 ലക്ഷം കോടിയുടെ ഇളവ് അനുവദിക്കുമ്പോൾ , 34.94 ശതമാനത്തിൽ നിന്ന് 25.17 ശതമാനമായി കോർപ്പറേറ്റുകൾക്കുള്ള നികുതിയും സർചാർജും കുറയുകയാണ്. ഇത് ആഗോള ശരാശരിയേക്കാൾ താഴെയാണ്. ചൈന ,ഇന്തോനേഷ്യ ,ദക്ഷിണ കൊറിയ ,എന്നിവിടങ്ങളിൽ കോർപ്പറേറ്റുകൾക്കുള്ള നികുതി 25 ശതമാനവും മലേഷ്യയിൽ 24 ശതമാനവും ശ്രീലങ്കയിൽ 28 ശതമാനവുമാണ്‌. ബ്രസീലിലാകട്ടെ 34 ശതമാനമാണ്.  ഈ വിധത്തിലുള്ള നികുതിയിളവുകൾ കോർപ്പറേറ്റുകൾക്ക്‌ നല്കുകയാണോ , രാജ്യത്തെ അതിവിപുലമായ മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്താനാകുന്ന പ്രത്യുല്പാദനപരവും ക്രിയാത്മകവുമായ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണോ അഭികാമ്യം എന്നതാണ് പ്രസക്തമായ വിഷയം. കാർഷിക മേഖലയെ ഉത്തേജിപ്പിക്കുകയും കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കുകയും സർവീസ് – _ ബാങ്കിങ്ങ് മേഖലകളെ ഊർജ്ജസ്വലമാക്കുകയും ചെറുകിട – ഇടത്തരം വ്യാവസായിക രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തുകയും ഓരോ സംസ്ഥാനത്തേയും പരമ്പരാഗത തൊഴിൽ മേഖലയെ വളർത്താനുള്ള ഊർജിത ശ്രമങ്ങൾ നടത്തിയും ദീർഘകാല ഭാവിയുള്ള നടപടികൾ കൊണ്ടേ ജനങ്ങൾക്ക് പ്രയോജനം ലഭിക്കൂ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യെ ഭാവനാസമ്പന്നമായ് വികസിപ്പിച്ചും , കൂടുതൽ തൊഴിൽ ദിനങ്ങളും ഉയർന്ന വേതനവും നല്കുക പോലുള്ള നടപടികളിലൂടെ അടിസ്ഥാന മേഖലകളിൽ , ഗ്രാമീണ ജനവിഭാഗങ്ങളിൽ ഗുണഫലങ്ങൾ സൃഷ്ടിക്കാനാകും.  എന്നാൽ കേന്ദ്ര സർക്കാരിന് കോർപ്പറേറ്റ് സേവയുടെ കാപ്സ്യൂൾ ചികിത്സ മാത്രമേ മുന്നോട്ടു വയ്ക്കാനുള്ള എന്നതാണ് നിർഭാഗ്യകരം.  സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും ദാരിദ്യവും വർദ്ധിക്കുമ്പോൾ ജനങ്ങൾക്കിടയിൽ അസംതൃപ്തി പെരുകുകയും പ്രക്ഷോഭങ്ങളും കലാപങ്ങളും ഉണ്ടാകാനിടയാകുകയും ചെയ്യും. തീവ്രവാദി ഭീഷണിയുടേയും പാക് യുദ്ധ പ്രതീതിയുടേയും അപര മത വിരോധത്തിന്റേയും  ഒക്കെ പേരിൽ സൃഷ്ടിക്കുന്ന പ്രചരണങ്ങൾ , അതൊന്നും കൊണ്ട് എത്ര കാലം രാജ്യം നേരിടുന്ന ഗുരുതര വിഷയങ്ങളെ മറച്ചു പിടിക്കാനാകും ? സാമ്പത്തിക മുരടിപ്പിന്റെ അടി സ്ഥാന  കാരണങ്ങളെ മനസിലാക്കാനും അതംഗീകരിച്ചു കൊണ്ട് ആ യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാകണം.  റിസർവ് ബാങ്കിന്റെ പ്രധാനികളെല്ലാം പദവി ഒഴിഞ്ഞു പോയപ്പോൾ തന്നെ കാര്യങ്ങളുടെ ഗുരുതര സ്ഥിതി കുറച്ചൊക്കെ വെളിപ്പെട്ടു ത്തുടങ്ങിയിരുന്നു. നോട്ട് നിരോധനത്തെ പാടി പുകഴ്ത്തിയവർക്കൊക്കെ പിന്നീട് അഭിപ്രായം മാറ്റേണ്ടി വന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. വ്യക്തി നേട്ടങ്ങൾക്കായി ഒപ്പം നിൽക്കുന്ന അവസരവാദികളല്ലാതെ  എത്ര ഉന്നത സാമ്പത്തിക വിദഗ്ധർ കേന്ദ്ര സർക്കാരിനൊപ്പമുണ്ട് എന്ന് പരിശോധന രസാവഹമായിരിക്കും. റിസർവ് ബാങ്കിനേയോ  പാർലമെന്റിനേയോ മാറ്റി നിർത്തി ക്കൊണ്ട് അസാധാരണമായ സാമ്പത്തിക തീരുമാനം എടുക്കുന്ന ഒരു ഭരണ നേതൃത്വം അതിന്റെ പ്രത്യാഘാതങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. അത് സാധാരണ ജനങ്ങളെ പാപ്പരീകരിച്ചു കൊണ്ടാവരുത് . പ്രധാനമന്ത്രി പദവി യിലെ നല്ലൊരു സമയവും വിദേശ രാജ്യ സഞ്ചാരത്തിലായ നരേന്ദ്ര മോദി ഇപ്പോൾ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ചാണ് കോർപ്പറേറ്റ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശക്തമായ പ്രതിപക്ഷം ഇല്ലാത്ത പാർലമെണ്ടും മോദി –  അമിത് ഷാ ദ്വന്ദ്വത്തിന്റെ ഉത്തരവുകൾ അനുസരിക്കുക എന്നതല്ലാതെ ഒരു ജനാധിപത്യപരമായ ചർച്ച പോലും നയപരമായ കാര്യങ്ങളിൽ നടക്കാത്ത BJP യുടെ സംഘടനാ രീതിയും എല്ലാം രാജ്യത്തിന്റെ പ്രതിസന്ധി മറച്ചു പിടിക്കാനും ഇത്തരം ദീർഘവീക്ഷണമില്ലാത്ത കാര്യങ്ങൾ നടപ്പിലാക്കാനും  കേന്ദ്ര സർക്കാരിന് സഹായകരമാവുന്നുണ്ട് . പക്ഷേ തൊലിപ്പുറത്തെ ലേപന ചികിത്സകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല ഇപ്പോൾ തീവ്രതരമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക – രാഷ്ട്രീയ പ്രതിസന്ധിയെന്ന് ഉൾക്കൊള്ളാനായില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി അത്ര ശുഭകരമായിരിക്കില്ല .

You must be logged in to post a comment Login