ഉപാധികള്‍ നടപ്പാക്കുന്നതിന് ഖത്തറിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

 

സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടു വെച്ച പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന്​ ഖത്തറിന്​ നൽകിയ സമയപരിധി ഞായറാഴ്ച അവസാനിക്കും. അമേരിക്കയുടെയും മറ്റും മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ വിജയം കാണാത്ത സാഹചര്യത്തിൽ അടുത്ത നീക്കം എന്തായിരിക്കും എന്ന ആശങ്കയിലാണ്​ ഗൾഫ്​ മേഖല.

ഈ മാസം 23നാണ്​ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി പതിമൂന്നിന ഉപാധികൾ സൗദി അനുകൂല രാജ്യങ്ങൾ ഖത്തറിന്​ സമർപ്പിച്ചത്​. കുവൈത്ത്​ അമീർ മുഖേനയായിരുന്നു ഇത്​. അൽജസീറ ചാനൽ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന പിന്തുണ പിൻവലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുർക്കിക്ക്​ സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉൾപ്പെടെയുള്ളവയാണ്​ ഉപാധികളിൽ പ്രധാനം. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികൾ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന്​ ഖത്തർ തീർത്തു പറഞ്ഞു. ഉപാധികളുടെ പുറത്ത്​ ഇനി ചർച്ചയില്ലെന്ന്​ മറുപക്ഷവും വ്യക്തമാക്കി.

ഖത്തർ നിലപാട്​ മാറ്റിയില്ലെങ്കിൽ ഉപരോധ നടപടികൾ കൂടുതൽ കടുപ്പിക്കാൻ തന്നെയാകും സൗദി അനുകൂല രാജ്യങ്ങളുടെ നീക്കം. തങ്ങളുമായി ചേർന്നു നിൽക്കുന്ന വാണിജ്യ പങ്കാളികളോട്​ ഖത്തറുമായി അകലം പാലിക്കാൻ നിർദേശിക്കുന്നതുൾപ്പെടെ നടപടികൾ പരിഗണിക്കേണ്ടി വരുമെന്ന്​ യുഎഇയുടെ റഷ്യൻ സ്ഥാപനപതി വ്യക്തമാക്കിയിരുന്നു. ജിസിസി കൂട്ടായ്മയിൽ നിന്ന്​ ഖത്തറിനെ പുറന്തള്ളണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​.

എന്നാൽ പ്രായോഗികതയുള്ള പരിഹാര മാർഗങ്ങളാണ്​ വേണ്ടതെന്ന്​ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി പ്രശ്​നപരിഹാരത്തിന്​ അമേരിക്ക മുൻകൈയെടുക്കാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. മേഖലയിൽ ​ഐ.എസ്​ വിരുദ്ധ പോരാട്ടം ദുർബലപ്പെടാതിരിക്കാൻ ഗൾഫ്​ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന നിലപാടിലാണ്​ അമേരിക്ക. ജൂൺ 5 മുതൽ രൂപപ്പെട്ട ഗൾഫ്​ പ്രതിസന്ധിക്ക്​ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന അഭിപ്രായം തന്നെയാണ്​ യു.എൻ സെക്രട്ടറി ജനറലും പങ്കുവെക്കുന്നത്​.

You must be logged in to post a comment Login