ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി; ആന്ധ്രയുടെ ചുമതലയും നല്‍കി

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; ആന്ധ്രാപ്രദേശിന്റെ ചുമതലും നല്‍കി. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കു സ്ഥാനം നല്‍കിയത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി കൂടി മാറുകയാണ്. അടുത്ത വര്‍ഷം ലോക്സഭാ തിര‍ഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയുടെ ചുമതല നല്‍കുക വഴി ഫലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി വരില്ലെന്ന് വ്യക്തമാക്കുകയാണ്.

ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കണമെന്ന് കേരളത്തിലെ നേതാക്കളുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ച്ചയില്‍  രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ തുടരാനാണ് താത്പര്യപ്പെടുന്നതെന്ന് അന്ന് ചെന്നിത്തല രാഹുലിനെ അറിയിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് ശേഷം പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത ഉമ്മന്‍ചാണ്ടിയും ഇതിനോട് വിമുഖത പ്രകടിപ്പിച്ചു.

പ്രമുഖ നേതാവായിട്ടും പ്രത്യേകിച്ച് പദവികളൊന്നും വഹിക്കാതെ ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതിനോടും താത്പര്യം കാണിക്കാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2021-ലാണ് എന്നിരിക്കെ ഉമ്മന്‍ചാണ്ടിയെ താല്‍കാലത്തെക്കെങ്കിലും രാഹുല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുകയാണ്. നിലവില്‍ കെ.സി.വേണുഗോപാല്‍ കര്‍ണാടകയുടെ ചുമതലുയള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്.

You must be logged in to post a comment Login