ഉമ്മന്‍ ചാണ്ടിയും ആര്യാടനും രാജിവെക്കണം; സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും രാജ്യത്തെ അഴിമതി മുക്തവും വര്‍ഗീയ മുക്തവുമാക്കാന്‍ ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും എസ്ആര്‍പി

SRP

കൊച്ചി: അഴിമതി ആരോപണങ്ങള്‍ക്കു വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (എസ്.ആര്‍.പി) ആവശ്യപ്പെട്ടു. യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും രാജ്യത്തെ അഴിമതി മുക്തവും വര്‍ഗീയ മുക്തവുമാക്കാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ എസ്ആര്‍.പി ഇടതുപക്ഷ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും എസ്ആര്‍പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എം.രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി.എസ്.രാധാകൃഷ്ണന്‍, എന്‍.ശ്രീനിവാസന്‍, പി.ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സരിത സോളാര്‍ കമ്മീഷനു മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമമദിനും ഒരു നിമിഷം പോലും മന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്നും എസ്ആര്‍.പി നേതാക്കള്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തെയും എസ്എന്‍ ട്രസ്റ്റിനേും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു ഉപയോിഗിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്ന ശ്രീനാരയണീയ സമൂഹം മുഴുവനും തന്റെ ചൊല്‍പ്പടിയിലാണെന്ന തെറ്റിദ്ധാരണ പരത്തുകയാണെന്നും വ്യക്തമാക്കി.

ബി.ഡി.ജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ച് സംഘപരിവാര്‍ സംഘടനകളുടെ കൊടിക്കീഴില്‍ അണിനിരത്താമെന്ന വെള്ളാപ്പള്ളിയുടെ വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്നും, കേരള രാഷ്ട്രീയത്തില്‍ എസ്ആര്‍പി തിരിച്ചുവരവിന്റെ പാതയിലാണെന്നും മുന്നു സംഘടനകള്‍ എസ് ആര്‍ പി യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്നും ഫെബ്രുവരി ഒന്നിനു തൃശൂര്‍ ബിനി ടൂറിസ്റ്റ് ഹോമില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ മറ്റുള്ള സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും എസ്ആര്‍.പി നേതാക്കള്‍ പറഞ്ഞു.

You must be logged in to post a comment Login