ഉര്‍വ്വരതാ ഉത്സവങ്ങള്‍

  • വി.കെ ശ്രീധരന്‍

ധനുമാസം 30 ന് (ജനുവരി 14 ന്) പകല്‍ 1.47 നായിരുന്നു മകരസംക്രമണം. അന്ന് പ്രദോഷവ്രതം. മകരസംക്രമണത്തിന് ശേഷമുള്ള ഇരുപത് നാഴികയും കര്‍ക്കടക സംക്രമണത്തിന് മുമ്പുള്ള ഇരുപതു നാഴികയും പുണ്യകാലമായി വിശ്വസിക്കപ്പെടുന്നു. ശബരിമലയില്‍ മകരവിളക്ക്. മകരം ഒന്നു മുതല്‍ ദേവീക്ഷേത്രങ്ങളില്‍ താലപ്പൊലി, ഭൂമദ്ധ്യരേഖയില്‍ നിന്ന് സൂര്യന്‍ വടക്കോട്ടു സഞ്ചരിക്കുന്ന സമയമാണ് ഉത്തരായനം. പ്രകൃതിയിലെ മാറ്റങ്ങളും ഋതുക്കളും കാലഗണനയും നിരീക്ഷിച്ചറിയാന്‍ ആചാരങ്ങളും ആഘോഷങ്ങളും സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ വിളംബരങ്ങള്‍. പഴയ തലമുറ ഇതിനെ പ്രകൃതിയും കൃഷിയുമായി കൂട്ടിയിണക്കി.

ഉര്‍വ്വരതയുടെ അനുഷ്ഠാനങ്ങള്‍:

തെക്കു വടക്കു ഭാഗങ്ങളിലേക്കും എതിര്‍ദിശയിലേക്കുമാണ് സൂര്യസഞ്ചാരം. സൂര്യന്‍ തെക്കോട്ടു നീങ്ങുന്ന ദക്ഷിണായനം കര്‍ക്കിടകം മുതല്‍ ധനുവരെ. അതിനാല്‍ കൃഷിക്കുള്ള വാരം തയ്യാറാക്കേണ്ടത് തെക്ക് വടക്ക് ഭാഗത്തേക്ക്. ചെരിവുള്ള, പ്രശ്‌നമുള്ള പ്രദേശങ്ങളിലും ഓരോ സ്ഥലത്തേയും നീരൊഴുക്ക് പരിഗണിച്ചും ഇതിന് മാറ്റം വരുത്താം. വിളവര്‍ദ്ധനവിന് സൗരോര്‍ജ്ജം കൂടുതല്‍ ലഭിക്കണം. എന്നാല്‍ കിഴക്കു പടിഞ്ഞാറ് വാരം മാടി കൃഷി ചെയ്താല്‍ കുറച്ചുസമയം മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുളളൂ. പ്രകാശാര്‍ത്ഥി സസ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. (ചൊവ്വയുടെ അത്യുച്ചകോടിയില്‍ ദേവീപ്രസാദം കൂടുമെന്ന് വിശ്വാസം) പത്താമുദയം, മകരപൊങ്കല്‍, മകരചൊവ്വ, തുടങ്ങിയ ഉത്സവങ്ങള്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നു. മണ്ഡലകാലാവസാനമായ പത്താമുദയം മുതല്‍ പല ആഘോഷങ്ങള്‍ക്കും തുടക്കം. മകരം ഒന്നിന് തമിഴ്‌നാട്ടില്‍ പൊങ്കാലയിട്ട് ദേവിക്ക് സമര്‍പ്പിക്കുന്നു. രണ്ടാം തീയതി കാര്‍ഷികവൃത്തിയുടെ കാവലാളുകളായ കന്നുകാലികളെ സംരക്ഷിക്കാന്‍ മാട്ടുപൊങ്കല്‍, മകരം 28 ന് ഉച്ചാറല്‍ ഉത്സവം. (ഇരുപത്തെട്ടുച്ചാല്‍) ഉച്ചാറുച്ചക്ക് – വെള്ളരി നട്ടാല്‍ വിഷു ഉച്ചയ്ക്ക് കായ പറിക്കാമെന്നാണ് ചൊല്ല്. അന്ന് ചൊവ്വ (കുജന്‍) ഉച്ചസ്ഥായിയില്‍.

പല സ്ഥലങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ദിവസങ്ങളോളം ഇതിന്റെ ആഘോഷം. ചൂട് കൂടുതലുള്ളതിനാല്‍ വിത്തിറക്കലിന് വിലക്ക്. ആഗ്നേയ ഗൃഹമായതിനാല്‍ ചൊവ്വ കൃഷിക്ക് പൊതുവേ സ്വീകരിക്കാറില്ല. പാല്, നെയ്യ്, ഫലങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യൂല്ല. പത്തായം സ്പര്‍ശിക്കാന്‍ പാടില്ലാത്തതിനാല്‍ നെല്ല് നേരത്തെ കുത്തിവെയ്ക്കും, അരിയെടുത്തവെക്കും റോമിലെ ഫെബ്യൂറിപോലെ ഭൂമിദേവിയുടെ ആര്‍ത്തവകാലമായി ആരാധിക്കുന്നു. ആവര്‍ഷത്തെ കൃഷിക്കാലം കഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനം. വാ കഴിഞ്ഞാല്‍ (തുലാമാസത്തിലെ കറുത്തവാവ്- ദീപാവലി) വര്‍ഷമില്ല എന്ന ചൊല്ലു നോക്കാം. വേനല്‍കാലം തുടങ്ങുന്ന സമയത്ത് പൃഥി മഴക്കാലം വരെ വിശ്രമിക്കാന്‍ തയ്യാറാകുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും വേലപൂരങ്ങള്‍,മകരഭരണി, ഷഷ്ഠി, തൈപ്പൂയം, പണിയൊഴിഞ്ഞ് കര്‍ഷകര്‍ക്ക് വിശ്രമം, വിനോദം, ദേവതകള്‍ക്ക് നേര്‍ച്ചയും.

മണി മകരമാസം:

‘മാസത്തില് നല്ലൊരു മാസം മണി മകരമാസം’ എന്നാണ് പുലയ വിഭാഗക്കാരുടെ പാട്ട്. മകരത്തില്‍ മഴപെയ്താല്‍ മലയാളം മുടിയുമത്രേ. ചക്കയും മാങ്ങയും വിരിയുന്ന ഇക്കാലത്ത് മഴപെയ്താല്‍ വേനല്‍ക്കാല ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന, അവ കൊഴിഞ്ഞുപോകുവാന്‍ സാധ്യതയുണ്ട്.
‘മകരം കുംഭ മാസത്തിലാകുന്നു
മികവോടറുക്കുന്നു വിളഞ്ഞിട്ട് ‘എന്ന് കൃഷിഗീത. ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെ (അതായത് ധനു 13 ന് തുടങ്ങി ധനു 26 വരെ പൂരാടം ഞാറ്റുവേല. പാടശേഖരങ്ങളില്‍ (ഇരിപ്പു നിലങ്ങളില്‍) ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നീ കൃഷികളാകാം. വെളളം ആവശ്യത്തിന് വേണമെന്നു മാത്രം. ധനുമാസം 27 ന് (ജനുവരി 11) പകല്‍ 7 മണി 16 മിനിറ്റില്‍ ആരംഭിച്ച് മകരം 9 വരെ ( ജനുവരി 23) നീളുന്നതാണ് ഉത്രാടം ഞാറ്റുവേല. പച്ചക്കറി നടാന്‍ പറ്റിയ സമയം. മണ്ണും ജലവും സംരക്ഷിക്കാന്‍ പുതയിടണം. ധനു പത്തിന് വിത്ത് വീണാല്‍ മീനം പത്തിന് കൊയ്യാം (പുഞ്ച) എന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. മകര കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ എള്ളും വിതയ്ക്കാവുന്നതാണ്. മണല്‍പ്പാടങ്ങള്‍ ഉത്തമം. മണലുകൂട്ടി വിതച്ചാല്‍ എല്ലായിടത്തും ഒരുപോലെ വ്യാപിക്കും. മകം, അത്തം, ഉത്രം ഞാറ്റുവേലകള്‍, എളള്, മുതിര എന്നിവയ്ക്ക് ഉത്തമം. അത്തം ഞാറ്റുവേലയില്‍ അലക്കു വടി കൊണ്ട് കുത്തിയെങ്കിലും ഞാറു നടണം.

അയനം നോക്കി കൃഷി:

കര്‍ക്കിടകം മുതല്‍ സൂര്യന്‍ സഞ്ചരിക്കുന്നത് തെക്കു ഭാഗത്തേക്കായിരിക്കും. അതുകൊണ്ട് തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളകു വള്ളികള്‍ നടുമ്പോള്‍ താങ്ങുകാലിന്റെ വടക്കുഭാഗത്ത് നടണം. തെക്കന്‍ വെയിലില്‍ നിന്നും രക്ഷിക്കാനാണിത്. വളര്‍ച്ചയെത്തുമ്പോള്‍ ഉത്തരായനത്തില്‍ നല്ല അര്‍ക്കശോഭ ലഭിക്കുകയും ചെയ്യും. വേനല്‍കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലം നല്ലവണ്ണം ചൂടുകാച്ചുന്നത് അഭികാമ്യം. ഉച്ചതിരിഞ്ഞ് വെയില്‍ കിട്ടുന്നിടത്തെ പച്ചക്കറികള്‍ക്ക് വിളവുകൂട്ടും. നേന്ത്രവാഴയുടെ കന്നുകളുടെ തല ഏതു ഭാഗത്തേക്കാണോ അതിന്റെ എതിര്‍ദിശയിലാണ് കുലവരിക അതിനാല്‍ ദക്ഷിണായനം, ഉത്തരായനം നോക്കി കണ്ണുകളുടെ തല ക്രമീകരിച്ചാല്‍ സൂര്യപ്രഭവം കൂടുതല്‍ ലഭിക്കും. ചെരിവുള്ള ഭൂമിയില്‍ താഴ്ന്ന ഭാഗത്തേക്ക് വാഴക്കുന്നിന്റെ തലഭാഗം വരാവുന്ന രീതിയില്‍ നട്ടാല്‍ കുല എതിര്‍ഭാഗത്തു വരുമെന്നതിനാല്‍ വാഴ മറിഞ്ഞു വീഴാതിരിക്കാനും സഹായകമാകും. വെയിലുള്ള സമയങ്ങളില്‍ മരച്ചീനി (കപ്പ) നടുമ്പോള്‍ മുകളറ്റത്ത് പ്ലാവിലയോ കശുമാവിന്റെ ഇലയോ കോട്ടിയിടണം. കപ്പക്ക് പൊടിപ്പുകള്‍ വന്നു തുടങ്ങുമ്പോള്‍ തൊപ്പി മാറ്റാം. സൗരോര്‍ജ്ജം അധികം ആവശ്യമായ വിളകളായ ധാന്യങ്ങള്‍,. പച്ചക്കറികള്‍, നാരകകുടുംബത്തില്‍ പെട്ട ചെടികള്‍, ഏത്തവാഴ, പുളികള്‍, മാവ്, പ്ലാവ് തുടങ്ങിയവ തുറന്ന സ്ഥലങ്ങളില്‍ നടേണ്ടതാണ്. അവയുടെ അടിയിലോ സമീപത്തോ ആയി തണലില്‍ വളരാവുന്ന ഇനങ്ങളും ഇടവിളകളും നട്ടാല്‍ കാഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷിയാകാം. ഉദാഹരണത്തിന് കാപ്പി, ഇഞ്ചി, മഞ്ഞള്‍, നാടന്‍ വാഴകള്‍, തണല്‍ പ്രിയസസ്യങ്ങള്‍ തുടങ്ങിയവ. അതാണ് സൗരോര്‍ജ്ജ ലഭ്യതയ്ക്കനുസരിച്ച കൃഷി.

 

You must be logged in to post a comment Login