ഉറി ഭീകരാക്രമണം: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു; സ്ഥിതിഗതികള്‍ വിശദീകരിച്ചു

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. മുതിര്‍ന്ന മന്ത്രിമാരും, ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ട്പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.

മോദി രാഷ്ട്രപതി ഭവനിലെത്തി ഞായറാഴ്ച നടന്ന ഉറി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ രാഷ്ട്രപതിയുമായി പങ്ക്‌വെച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, മനോഹര്‍ പരീക്കര്‍, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, കരസേനാ നാവിക മേധാവി ദല്‍ബീര്‍ സിങ് സുഹാഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തിയത്.

ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെ നിയന്ത്രണരേഖയോടു ചേര്‍ന്ന സേനാ താവളത്തില്‍ ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണു ഭീകരാക്രമണം. മൂന്നുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിച്ചത്.

You must be logged in to post a comment Login