ഊട്ടി പുഷ്പമേള 15ന് തുടങ്ങും

പുഷ്പമേളയോടനുബന്ധിച്ച് ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ കാഴ്ചകള്‍

നിലമ്പൂര്‍: ഊട്ടി പുഷ്പമേള മേയ് 15, 16, 17 തീയതികളില്‍ നടക്കും. റവന്യൂ, കൃഷി മന്ത്രിമാര്‍ മേളയില്‍ പങ്കെടുക്കും. പുഷ്പമേളക്കുള്ള ഒരുക്കങ്ങള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അവസാന ഘട്ടത്തിലാണ്. പൂന്തോട്ടങ്ങള്‍ അലങ്കരിക്കലും പൂശേഖരം ഒരുക്കലും ഏകദേശം പൂര്‍ത്തിയായി. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ എന്നിവയിലെ ജീവനക്കാരാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഇത്തവണത്തെ പുഷ്പമേളക്ക് രൂപകല്‍പ്പന ചെയ്ത നയന മനോഹര ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുഷ്പമേളയോടനുബന്ധിച്ച് വിജയനഗരം റോസ് ഗാര്‍ഡനില്‍ 14ാമത് റോസാപ്പൂ പ്രദര്‍ശനം നടന്നു. കൃഷി, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് റോസ് മേള. 16 അടി ഉയരത്തിലും 15 അടി വീതിയിലുമുള്ള മങ്കമാരുടെ നൃത്തശില്‍പങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. 30,000 പനിനീര്‍ പൂക്കള്‍കൊണ്ടാണ് രണ്ട് മങ്കമാരുടെ നൃത്ത രൂപം സൃഷ്ടിച്ചത്.
ടൂറിസ്റ്റുകള്‍ക്കായി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെട്രോ ട്രെയിന്‍ ഒരുക്കി. കഴിഞ്ഞ വര്‍ഷം മുതലാണ് പുഷ്പമേള കാണാന്‍ മെട്രോ ട്രെയിന്‍ സൗകര്യം ആരംഭിച്ചത്. ട്രെയിനില്‍ ഗാര്‍ഡന്‍ ചുറ്റിക്കാണാന്‍ സൗകര്യമുണ്ടാവും. ഗാര്‍ഡനിലെ ഗ്ലാസ് ഹൗസ് വിപുലീകരിച്ചതാണ് മറ്റൊരു ആകര്‍ഷണം.

You must be logged in to post a comment Login