ഋഷഭ് പന്ത് ഉടൻ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും; റിക്കി പോണ്ടിംഗ്

ലോകേഷ് രാഹുലിൻ്റെ വരവോടെ ടീമിലെ സ്ഥാനം നഷ്ടമായ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഉടൻ തിരികെയെത്തുമെന്ന് മുൻ ഓസീസ് ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. പന്ത് ഏറെ കഴിവുള്ള താരമാണെന്നും ഐപിഎല്ലിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നും പോണ്ടിംഗ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

“ഏരെ കഴിവുള്ള യുവതാരമാണ് ഋഷഭ് പന്ത്. ഐപിഎല്ലിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുമെന്ന് എനിക്കുറപ്പാണ്.”- പോണ്ടിംഗ് പറഞ്ഞു.

നേരത്തെ ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായതിൽ ഋഷഭ് പന്ത് സ്വയം പഴിക്കണമെന്ന് മുൻ താരം കപിൽ ദേവ് പറഞ്ഞിരുന്നു. കൂടുതൽ റൺസ് നേടി ടീമിലേക്ക് തിരികെ എത്താനാണ് പന്ത് ശ്രമിക്കേണ്ടതെന്നും വിമർശകൾക്കു മുൻപിൽ നിങ്ങളെ തെളിയിക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും കപിൽ ദേവ് പറഞ്ഞു.

പന്തിനു പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ ലോകേഷ് രാഹുൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് പന്ത് ടീമിനു പുറത്തായത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിക്കറ്റ് കീപ്പർ റോളിൽ തിളങ്ങിയ രാഹുൽ ആവും ഇനി കുറച്ചു കാലത്തേക്ക് വിക്കറ്റ് കാക്കുക എന്ന് ക്യാപ്റ്റൻ വിരാട് കോലിയും അറിയിച്ചിരുന്നു. താൻ വിക്കറ്റ് കീപ്പിംഗ് ആസ്വദിക്കുകയാണെന്ന് രാഹുലും പറഞ്ഞിരുന്നു.

You must be logged in to post a comment Login