എംഎം മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; രണ്ടു ദിവസം മുമ്പ് കുഞ്ചിത്തണ്ണിയിലേക്കുള്ള യാത്രയില്‍ സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി; അവിടെ നിന്നിറങ്ങിയ സനകനെ പിന്നീട് കാണാതായി; വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത് ശനിയാഴ്ച രാത്രി

കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മന്ത്രി എം.എം. മണി ആശുപത്രിയിലെത്തി സഹോദരനെ കണ്ടിരുന്നു.

രണ്ടു ദിവസം മുമ്പ് പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തെരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയാണ് വെള്ളത്തൂവലിന് സമീപം കുത്തുപാറയില്‍ വഴിയരികില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ സനകനെ കണ്ടെത്തുന്നത്.

വിവരം അറിഞ്ഞെത്തിയ പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും. സനകന്റെ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് എം.എം. മണി പറഞ്ഞു.

You must be logged in to post a comment Login