എംഎല്‍എമാരുടെ യോഗത്തില്‍ വി.എം. സുധീരനു വിമര്‍ശനം

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വിമര്‍ശനം. സുധീരന്‍ അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.മദ്യനയത്തിലെ നയം മാറ്റത്തിന് എംഎല്‍എമാര്‍ പൂര്‍ണ പിന്തുണ നല്‍കി. പ്രായോഗിക മാറ്റങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നും സുധീരന്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാര്‍ സുധീരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സുധീരനുമായി സമവായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങളെ പോലും സുധീരന്‍ പിന്തുണക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


കെ.മുരളീധരന്‍ എം.എല്‍.എ സുധീരനെ രൂക്ഷമായി വിമര്‍ശിച്ചു. സുധീരന്‍ പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്നായിരുന്നു മുരളിയുടെ അഭിപ്രായം. കാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ച് നീക്കണമെന്നു വരെ മുരളീധരന്‍ പറഞ്ഞു. മദ്യനയത്തിലെ മാറ്റം ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് വിളിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങളിലെത്തിക്കേണ്ട പാര്‍ട്ടി ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ബൂമറാങായതായി പാലോട് രവി എം.എല്‍.എ പറഞ്ഞു. എന്നാല്‍ മദ്യനയത്തിലെ മാറ്റങ്ങള്‍ പലതും അറിഞ്ഞില്ലെന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം. 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.ടി.ബല്‍റാം ആവശ്യപ്പെട്ടു.

You must be logged in to post a comment Login