എം.എം ലോറന്‍സ് അടക്കം എട്ട് പ്രമുഖരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക; എളമരം കരീമും ആനത്തലവട്ടം ആനന്ദനും തുടരും

citu

പാലക്കാട്: പ്രമുഖരടക്കം എട്ടു പേരെ ഒഴിവാക്കി സിഐടിയു സംസ്ഥാന ഭാരവാഹിപട്ടിക. കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, പി.കെ. ഗുരുദാസന്‍, കെ.എം. സുധാകരന്‍, എസ്.എസ്. പോറ്റി, വി.വി. ശശീന്ദ്രന്‍, വി.എസ്. മണി, എ.കെ.നാരായണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്.

ഇതില്‍ ആദ്യത്തെ അഞ്ചു പേരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കി നിലനിര്‍ത്തി. ഇതാദ്യമായാണ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളെ ഉള്‍പ്പെടുത്തുന്നത്. എം.എം. ലോറന്‍സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.എന്‍. രവീന്ദ്രനാഥ് മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

നിലവില്‍ ട്രഷററായിരുന്നു കെ.എം. സുധാകരന്‍. ഇദ്ദേഹത്തിനു പകരം മലപ്പുറത്തു നിന്നുള്ള പി. നന്ദകുമാറാണ് പുതിയ ട്രഷറര്‍. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ആനത്തലവട്ടം ആനന്ദനും എളമരം കരീമും തുടരും. ഇവരടക്കം 30 ഭാരവാഹികളാണുള്ളത്. 12 വൈസ് പ്രസിഡന്റുമാരില്‍ പി.ജെ. അജയ്കുമാറും ജോര്‍ജ് കെ. ആന്റണിയുമാണു പുതുമുഖങ്ങള്‍. 15 സെക്രട്ടറിമാരില്‍ വി. ശിവന്‍കുട്ടി, എസ്. സുദേവന്‍, ഇ.എന്‍. ഗോപിനാഥ്, ടി.കെ. രാജന്‍, പി.പി. ചിത്തരഞ്ജന്‍, പി.ബി. പ്രേമ എന്നിവരാണു പുതുതായി ഉള്‍പ്പെട്ടവര്‍.

165 അംഗങ്ങളുടെ സംസ്ഥാന കമ്മിറ്റിയെയാണ് പുതിയതായി തെരഞ്ഞെടുത്തത്. ഇതില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്.

You must be logged in to post a comment Login