എം.എന്‍.സി ബില്‍: സംസ്ഥാനത്ത് നാളെ മെഡിക്കല്‍ ബന്ദ്

തിരുവനന്തപുരം: നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍(എം.എന്‍.സി) ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കുന്ന ദിവസമായ നാളെ രാജ്യവ്യാപകമായി ഐ.എം.എയുടെ നേതൃത്വത്തില്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ കെ.ജി.എം.ഒ.എയും (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) പങ്കാളികളാകും.

നാളെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ.പികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ ഒന്‍പതു മണി മുതല്‍ 10 മണി വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി ബഹിഷ്‌കരിച്ചു പ്രതിഷേധ യോഗങ്ങള്‍ ചേരും.

ഹോമിയോ , ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കിയത്, എം.ബി.ബി.എസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്ന നിബന്ധന തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

You must be logged in to post a comment Login