എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ബാബു സെബാസ്റ്റ്യന് മെയ് നാല് വരെ തുടരാം

എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന് മെയ് നാല് വരെ തുടരാം. ഹൈക്കോടതി ഉത്തരവിനുള്ള സ്‌റ്റേ സുപ്രീംകോടതി മെയ് നാല് വരെ നീട്ടി.വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സിലര്‍ക്ക് വേണ്ട യോഗ്യതകള്‍ ബാബു സെബാസ്റ്റിയന് ഇല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. വൈസ് ചാന്‍സിലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസറായുള്ള സേവനപരിചയം വേണമെന്ന യുജിസി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനകാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

അതേസമയം, വൈസ് ചാന്‍സിലറാകാന്‍ വേണ്ട യോഗ്യത തനിക്ക് ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ഡോ ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ഒന്നുകില്‍ പത്തുവര്‍ഷത്തെ പ്രൊഫസറായുള്ള പരിചയമോ അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ പരിചയമോ ആണ് വൈസ് ചാന്‍സിലറാകാന്‍ യുജിസി വച്ചിരിക്കുന്ന മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ യോഗ്യത തനിക്ക് ഉണ്ടെന്നും 11 വര്‍ഷത്തെ സ്‌റ്റേറ്റ് ലവല്‍ ഡയറക്‌റക്ടറായുള്ള സേവനത്തിന് ശേഷമാണ് എംജിയില്‍ വിസിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ഓഗസ്റ്റില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ ബാബു സെബാസ്റ്റ്യനെ നിയമിച്ചത്.

You must be logged in to post a comment Login