എഎസ്ഐയുടെ ആത്മഹത്യ : എസ്‌ഐയെ സ്ഥലംമാറ്റി

policefd

കൊച്ചി : മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്റെ പീഡനത്തില്‍ മനംനൊന്ത് എഎസ്‌ഐ  പി സി ബാബു (48) കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്.

ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ബാബു ജീവനൊടുക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്ഐ രാജേഷ് അന്നു മുതൽ ബാബുവിനോടു മോശമായാണ്‌ പെരുമാറിയിരുന്നതെന്ന് ബാബുവിന്റെ  ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു.

തുടർന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു 3 വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യവും കാരണങ്ങളും എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷും ആത്മഹത്യാ കേസ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോനും അന്വേഷിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച് കൊച്ചിയിൽ ഒരു മാസത്തിനുള്ളിൽ രണ്ട് എഎസ്ഐമാരാണ് ആത്മഹത്യ ചെയ്തത്.

You must be logged in to post a comment Login