എകെജിക്കെതിരായ പരാമര്‍ശം: ബല്‍റാമിന്റെ ഓഫീസിലേക്ക് വീണ്ടും സിപിഐഎമ്മിന്റെ പ്രതിഷേധ മാര്‍ച്ച്

പാലക്കാട്: എകെജിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. ബല്‍റാം വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം വീണ്ടും മാര്‍ച്ച് നടത്തും. ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തുക. സിപിഐഎം തൃത്താല ഏരിയ കമ്മിറ്റി നടത്തുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ ശനിയാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതേ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായ പശ്ചാത്തലത്തില്‍ പൊലീസ് ഇവിടെ ജാഗ്രതയിലാണ്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴുതരുതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതിനിടെ, കാഞ്ഞിരത്താണിയില്‍ എംഎല്‍എ പങ്കെടുത്ത സ്വകാര്യ ചടങ്ങിനിടെ കല്ലേറും സംഘര്‍ഷവുമുണ്ടായ സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 വീതം എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചാലിശ്ശേരി പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാന നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന ഒട്ടേറെ പേര്‍ക്കെതിരെയുമാണു കേസ്. തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തതുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതിയിലാണ് ഒരു കേസ്. പരുക്കേറ്റ ഒരു സിപിഐഎം പ്രവര്‍ത്തകനും സിവില്‍ പൊലീസ് ഓഫീസറും നല്‍കിയ പരാതികളിലാണ് മറ്റു കേസുകള്‍.

അതേസമയം, എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഇന്നലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പാലക്കാട്-ഗുരുവായൂര്‍, പാലക്കാട്- പൊന്നാനി എന്നീ റൂട്ടുകളിലെ ദീര്‍ഘദൂര ബസുകളൊഴികെയുള്ളവ സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളെയും കെഎസ്ആര്‍ടിസി ബസുകളെയും അഞ്ചു മിനിറ്റ് തടഞ്ഞിട്ട ശേഷമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടത്. വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ പൊലീസുമായി വാക്കേറ്റമുണ്ടായി.

You must be logged in to post a comment Login