എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും ജീവനക്കാരുടെ എണ്ണം കുറച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നത് കുറഞ്ഞതുമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിലെ ജീവനക്കാരുടെ എണ്ണം ഏഴു ശതമാനം (6,096 പേര്‍) കുറഞ്ഞ് 84,325 ആയി. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 90,421 പേരായിരുന്നു അംഗസംഖ്യ. ഡിസംബറില്‍ 4,581 പേരെ ബാങ്ക് വെട്ടിക്കുറച്ചിരുന്നു.

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശാഖകളിലെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പരേഷ് ശുക്താങ്കര്‍ പറഞ്ഞു. കൂടാതെ നേരത്തെ പ്രതിവര്‍ഷം 400 ബ്രാഞ്ചുകള്‍ പുതുതായി തുടങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശരാശരി 200 ബ്രാഞ്ചുകള്‍ മാത്രമാണ് തുറക്കാനാകുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഇതും കാരണമായി.

You must be logged in to post a comment Login