എടിഎം മെഷീനുകള്‍ ഉടന്‍ ഇല്ലാതാവും; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ജയ്പൂര്‍: ഇനി എല്ലാ ഇടപാടുകളും മൊബൈല്‍ ഫോണ്‍ വഴിയാകും നടക്കുക. അതോടെ എടിഎമ്മില്‍ പോയി വരി നില്‍ക്കേണ്ട ആവശ്യമില്ല. അതിവേഗം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നോട്ടുകള്‍ മാത്രമല്ല, എടിഎം മെഷീനുകളും ഇല്ലാതാകും. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് എടിഎം മെഷീനുകളുടെ പ്രാധാന്യം കുറയുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് പറഞ്ഞു.

നോട്ട് നിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതിന് കാരണമാകും. ഇനി വേഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. നിലവില്‍ 85 ശതമാനം ഇടപാടുകളും നടക്കുന്നത് പണമായിട്ടാണ്. അത്കള്ളപ്പണ ഇടപാടിലേക്ക് വഴിതെളിക്കും. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥക്കുള്ള അടിസ്ഥാന സൗകര്യം വേറെ തയ്യാറാക്കേണ്ടതില്ല എന്നും അമിതാഭാ കാന്ത് പറഞ്ഞു. ജയ്പൂര്‍ സാഹിതോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷത്തിനകം എടിഎം കാഷ് മെഷീനുകള്‍ ഇല്ലാതാവും. കെനിയയില്‍ 60 ശതമാനത്തോളം ഇടപാടുകളും മൊബൈല്‍ ഫോണ്‍ വഴിയാണ് നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ നാല് വന്‍കിട ടെലികോം കമ്പനികള്‍ ഡിജിറ്റല്‍ ബാങ്കിങിന് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതോടെ കാഷ്‌ലെസ് ഇക്കോണമിക്ക് വേഗം കൂടും. എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം വെയ്ക്കുന്നത് ഇതിനും അപ്പുറമാണെന്നാണ് സൂചന.

എടിഎം കാര്‍ഡുകളോ മൊബൈല്‍ ഫോണുകളോ ഇല്ലാതെ പണം കൈമാറാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. കൈ വിരലടയാളം മതി ബയോ മെട്രിക്കല്‍ വെരിഫിക്കേഷനിലൂടെ പണം കൈമാറുന്ന രീതിക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക. സാധനം വാങ്ങിയതിനു ശേഷം കൈ വിരലടയാളം വെരിഫൈ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കടയുടമയുടെ അക്കൗണ്ടിലെത്തുന്ന സംവിധാനത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും വ്യക്തമാക്കി.

You must be logged in to post a comment Login