എടിഎം അക്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

എടിഎമ്മില്‍ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച അജ്ഞാതന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്ന് തയ്യാറാക്കിയ ചിത്രം പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമാണ് പ്രതിക്കായി ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ നവംബര്‍ 19നാണ് ബാങ്ക് മാനേജരായ യുവതിയെ എടിഎം കൗണ്ടറിനുള്ളില്‍ ക്രൂരമായി ആക്രമിച്ചു പണവും ആഭരണങ്ങളും കവര്‍ന്നത്. ബാംഗ്ലൂര്‍ നഗരഹൃദയത്തിലെ കോര്‍പറേഷന്‍ സര്‍ക്കിളില്‍  കോര്‍പറേഷന്‍ ബാങ്ക് മാനേജരായ ജ്യോതി ഉദയ് (46) ആണ് ആക്രമണത്തിനിരയായത്. കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഇവരുടെ പിന്നാലെ അകത്തുകയറിയ അക്രമി ഷട്ടര്‍ താഴ്ത്തി വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. തിരുവനന്തപുരം സ്വദേശി പരേതനായ രാമചന്ദ്രന്‍ നായരുടെയും ഉഡുപ്പി സ്വദേശിനിയുടെയും മകളായ ജ്യോതി 20 കൊല്ലമായി കോര്‍പറേഷന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. JYOTHI_UDAY സംഭവ സമയത്ത്  സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതി കൗണ്ടറില്‍ പ്രവേശിച്ചതും പിറകേ അക്രമി അതിക്രമിച്ചു കയറുകയായിരുന്നു. ബഹളംവയ്ക്കാന്‍ കഴിയും മുന്‍പേ ഷട്ടര്‍ താഴ്ത്തിയ ഇയാള്‍ വടിവാള്‍ ചൂണ്ടി പണമെടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദിച്ചു. ഇതോടെ യുവതി എതിര്‍പ്പൊന്നും കൂടാതെ പണമെടുത്തു നല്‍കി. പെട്ടെന്നു ഭാവംമാറിയ അക്രമി യുവതിയെ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലുമായി മൂന്നു വെട്ടേറ്റ യുവതിയുടെ സ്വര്‍ണമാലയും വളയുമെല്ലാം അഴിച്ചെടുത്തു. തുടര്‍ന്നു ഷട്ടര്‍ തുറന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ പുറത്തിറങ്ങി. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടുപിന്നാലെ കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ ആളാണു ചോരയില്‍ കുളിച്ച നിലയില്‍ ജ്യോതിയെ കണ്ടെത്തിയത്. പ്രതി ആന്ധ്ര സ്വദേശിയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

You must be logged in to post a comment Login