എടികെ വരവറിയിച്ചു; ഹൈദരാബാദിനെ തകർത്തത് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് എടികെ. ഡേവിഡ് വില്ല്യംസ്, എഡു ഗാർസിയ എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. റോയ് കൃഷ്ണ അവശേഷിക്കുന്ന ഒരു ഗോൾ നേടി. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്ന എടികെ തകർപ്പൻ ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

കഴിഞ്ഞ മത്സരത്തിലെ പതിഞ്ഞ കളിയൊക്കെ മാറ്റി വെച്ചാണ് എടികെ ഇറങ്ങിയത്. മുൻ നിരയിൽ റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസും ഹൈദരാബാദ് പ്രതിരോധക്കോട്ടയെ വിറപ്പിച്ചു. ഇവർക്കൊപ്പം മൈക്കൽ സൂസൈരാജ് കൂടി ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയതോടെ കളിയുടെ ഗതി ആദ്യം തന്നെ മനസ്സിലാക്കി. ആദ്യ ഗോൾ വീഴാൻ 25 മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

ജാവിയർ ഹെർണാണ്ടസ് നൽകിയ മനോഹരമായ ത്രൂ ബോൾ അനായാസം വലയിലേക്ക് തിരിച്ചു വിട്ട ഡേവിഡ് വില്ല്യംസ് ഗോൾ സ്കോറിംഗിനു തുടക്കമിട്ടു. രണ്ട് മിനിട്ടിനു ശേഷം വില്ല്യംസിൻ്റെ പാർട്ണർ റോയ് കൃഷ്ണയുടെ ഊഴമായിരുന്നു. അതിനു വഴിയൊരുക്കിയത് വില്ല്യംസ് തന്നെ. ഇടതു വിങിലൂടെ കുതിച്ച വില്ല്യംസ് ബോക്സിനു പുറത്ത് നിന്ന റോയ് കൃഷ്ണക്ക് പന്ത് മറിച്ചു നൽകി. നിലം പറ്റെയുള്ള ഒരു ഷോട്ടിലൂടെ റോയ് കൃഷ്ണ അത് വലയുടെ ഇടതുമൂലയിലേക്ക് പ്ലേസ് ചെയ്തു. കമൽജിതിൻ്റെ മുഴുനീള ഡൈവിനും അത് രക്ഷിക്കാനായില്ല. 44ആം മിനിട്ടിൽ മൂന്നാം ഗോൾ. ജയേഷ് റാണ നൽകിയ ത്രൂ ബോളിൽ ഹൈദരാബാദ് എഫ്സി കളിക്കാർ ഓഫ് സൈഡ് അപ്പീൽ വിളിക്കവേ ഗോളിയെ കബളിപ്പിച്ച് വലതു മൂലയിലേക്ക് പന്ത് പായിച്ച ഡേവിഡ് വില്ല്യംസ് തൻ്റെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ ആതിഥേയർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിൽ ഹൈദരാബാദ് അല്പം കൂടി ഒത്തിണക്കം കാട്ടി. എങ്കിലും ആക്രമണം മുഴുവൻ എടികെ തന്നെയാണ് നടത്തിയത്. 70ആം മിനിട്ടിൽ ജാവിയർ ഹെർണാണ്ടസിനു പകരം എഡു ഗാർസിയ എടികെ നിരയിലിറങ്ങി. 75ആം മിനിട്ടിൽ പരിക്കേറ്റ് പുറത്തു പോയ ഹൈദരാബാദ് താരം ഗൈൽസ് ബേൺസ് പിന്നെ കളത്തിലേക്ക് തിരികെയെത്തിയില്ല. സബ്സ്റ്റിറ്റ്യൂഷനുകൾ അവശേഷിക്കാത്തതിനാൽ പിന്നീട് അവർക്ക് 10 പേരുമായി കളിക്കേണ്ടി വന്നു. 88ആം മിനിട്ടിൽ എടികെയുടെ നാലാം ഗോൾ. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ പ്രബീർ ദാസ് നൽകിയ ക്രോസ് അനായാസം വലയിലേക്ക്ക് തിരിച്ചു വിട്ട ഗാർസിയ മത്സരത്തിലെ തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. 94ആം മിനിട്ടിൽ വീണ്ടും പ്രബീർ ദാസ്. വീണ്ടും ഗാർസിയ. നേരത്തെ സ്കോർ ചെയ്ത ഗോളിൻ്റെ ആവർത്തനം. ഒരു മിനിട്ടിനു ശേഷം റഫറിയുടെ ഫൈനൽ വിസിൽ.

You must be logged in to post a comment Login