എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം ഇന്ത്യയില്‍

 

ബ്രിട്ടീഷ് അത്യാഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് എട്ടാം തലമുറ ഫാന്റത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസ്, എക്സ്റ്റന്‍ഡഡ് വീല്‍ബേസ് എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന പുത്തന്‍ ഫാന്റം 9.5 കോടി, 11.35 കോടി എന്ന വില നിരക്കില്‍ സ്വന്തമാക്കാം. നീളം കൂടിയ മാസീവ് ബോണറ്റായിരിക്കും എട്ടാം തലമുറ ഫാന്റത്തിന്റെ മുഖ്യ സവിശേഷത. ഏത് ഭൂപ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോഴും മികച്ച യാത്രാനുഭൂതിയായിരിക്കും ഈ ആഡംബര സെഡാന്‍ കാഴ്ചവെക്കുക.

പുതിയ അലൂമിനിയം സ്പേസ്ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുത്തന്‍ ഫാന്റത്തിന്റെ രൂപകല്പന. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറി എന്ന വിശേഷണത്തോടെയാണ് എട്ടാം തലമുറ ഫാന്റത്തെ പുറത്തിറക്കിയിരിക്കുന്നത്. ആഡംബരത്തോടൊപ്പം ലോകോത്തര ഗുണമേന്മയുള്ള ഫീച്ചറുകളും സാങ്കേതികത വിദ്യയുമാണ് പുതിയ ഫാന്റത്തെ ഏറ്റവും സവിശേഷമാക്കുന്നത്. ശബ്ദരഹിത എന്‍ജിനാണ് മറ്റൊരു പ്രധാനാകര്‍ഷണം.

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് ഈ സെഡാന് കരുത്ത് പകരുന്നത്. 563 ബിഎച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനില്‍ ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇടംതേടിയിട്ടുണ്ട്. നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാന്‍ കേവലം 5.3 സെക്കന്‍ഡുകള്‍ ആണ് ആവശ്യമായി വരുന്നത്.

മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗത. 600 മീറ്റര്‍ ദൂരം വരെ ഹെഡ് ലാമ്പുകളുടെ പ്രകാശം എത്തുമെന്നുള്ളതും മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ്. ഫോര്‍ കോര്‍ണര്‍ എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, ഇരട്ട ലാമിനേഷനുള്ള കണ്ണാടി എന്നിവയാണ് എടുത്തുപറയേണ്ടുന്ന മറ്റു സവിശേഷതകള്‍.

 

You must be logged in to post a comment Login