എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും; ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും. ഇന്ന് തന്നെ ബഞ്ചില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം ഗവാസ്‌കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. സുധേഷ് കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് സമയം ചോദിച്ചു.

അതേസമയം പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ ആക്രമിച്ച കേസില്‍ ആശുപത്രി രേഖയും മകളുടെ മൊഴിയും രണ്ടുതരത്തില്‍. ഔദ്യോഗികവാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണ് മകളുടെ പരാതി . എന്നാല്‍ പരിക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിരേഖ.

ഇതിനിടെ പുതിയ പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍ രംഗത്തെത്തി. തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു.

അതേസമയം അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്ക് പരുക്കേല്‍ക്കാന്‍ കാരണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ എഡിജിപി ആരോപിക്കുന്നത്. എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞ് ഇന്നലെ നിര്‍ദേശമിറക്കി.

എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസിനെ തുടര്‍ന്ന് നടപടി നേരിട്ടപ്പോളൊന്നും പറയാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണ് കേസ് ഹൈക്കോടതിയിലെത്തിയതിന് തൊട്ടുപിന്നാലെ നല്‍കിയ സുധേഷ്‌കുമാറിന്റെ പരാതിയിലുള്ളത്. ഗവാസ്‌കര്‍ക്ക് പരുക്കേറ്റത് തന്റെ മകള്‍ മര്‍ദിച്ചിട്ടല്ല. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തില്‍പെട്ടതാവാം. പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണ് ഗവാസ്‌കറുടെ പരാതിയെന്നും അതിന് ശേഷം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും എ.ഡി.ജി.പി പരാതിപ്പെടുന്നു. നേരത്തെ ഗവാസ്‌കര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സുധേഷ് കുമാറിന്റെ മകള്‍ പരാതി നല്‍കിയിരുന്നു.

ആ പരാതിയിലെവിടെയും വാഹനം അലക്ഷ്യമായി ഓടിച്ചെന്നോ ഗവാസ്‌കര്‍ക്ക് പരുക്കേറ്റന്നോ പറയുന്നില്ല. അതുകൊണ്ട് തന്നെ പരസ്പരവിരുദ്ധമാണ് എ.ഡി.ജി.പിയുടെയും മകളുടെയും പരാതിയെന്ന് വ്യക്തമാണ്. അതേസമയം ഗവാസ്‌കറെ അടുത്തമാസം നാലാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്നാല്‍ മര്‍ദനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മൊഴിയെടുപ്പിന് അപ്പുറം അന്വേഷണം എവിെടയുമെത്തിയിട്ടില്ല. പുതിയ പരാതികളുയരുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

You must be logged in to post a comment Login