എണ്ണവിപണി തിരിച്ചുപിടിക്കാന്‍ തന്ത്രങ്ങളുമായി സൗദി

റിയാദ്: എണ്ണവിലയിലെ വന്‍ വിലയിടിവ് പരിഹരിക്കാന്‍ സൗദി അറേബ്യ തന്ത്രങ്ങള്‍ മെനയുന്നു.
ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറയുകയും ഉത്പാദനം കുറയാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിലവില്‍ വന്‍ തകര്‍ച്ചയാണ് ക്രൂഡോയില്‍ വില നേരിടുന്നത്. ബാരലിന് 60 ഡോളറിന് താഴേക്ക് പോയ ബ്രെന്റ് ക്രൂഡ് വില, ഇന്നലെ 60.62 ഡോളറിലേക്ക് തിരിച്ചെത്തി. 2015ലെ ബജറ്റില്‍ വില ബാരലിന് 80 ഡോളറിലേക്കെങ്കിലും തിരിച്ചെത്തിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൗദി ഭരണകൂടം ചൂണ്ടിക്കാട്ടി. എണ്ണ കയറ്റുമതിയില്‍ സൗദിയുടെ വരുമാനം ഈവര്‍ഷം 1.046 ട്രില്യണ്‍ റിയാലില്‍ നിന്ന് 715 ബില്യണ്‍ റിയാലിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില തിരിച്ചു പിടിക്കുന്നതിനെ കുറിച്ച് സൗദി ആലോചന തുടങ്ങിയത്.
നഷ്ടപ്പെട്ട ഡിമാന്‍ഡ് ക്രൂഡോയിലിന് തിരിച്ചു കിട്ടുമെന്നും അഥവാ വില ബാരലിന് 20 ഡോളര്‍ വരെ താഴ്ന്നാലും ഉത്പാദനം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൗദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തില്‍ ഇനി മാറ്റം ഉണ്ടാകുമെന്നാണ് സൂചന. അമേരിക്കയില്‍ ഉദ്പാദനം കൂടുകയും അവിടെ നിന്നുള്ള ഡിമാന്‍ഡ് കുറയുകയും ചെയ്തതാണ് സൗദി അടക്കമുള്ള ഉത്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്.
വില തിരിച്ചു പിടിക്കാനുള്ള നടപടികള്‍ 2015ലെ ബജറ്റില്‍ സ്വീകരിക്കുമെന്ന് എണ്ണ ഉത്പാദക രാജ്യങ്ങളായ ഇറാക്കും യുഎഇയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ചര വര്‍ഷത്തെ കുറഞ്ഞ വിലയിലാണ് ക്രൂഡോയില്‍ വ്യാപാരം നടക്കുന്നത്. 2008 ജൂലായില്‍ വില സര്‍വകാല റെക്കാഡായ 147 ഡോളറിലെത്തിയിരുന്നു. തുടര്‍ന്ന് ചാഞ്ചാടിയാടി മുന്നോട്ടു നീങ്ങിയ വില ഈവര്‍ഷം മാര്‍ച്ചില്‍ 115 ഡോളറിലെത്തിയിരുന്നു.

You must be logged in to post a comment Login