എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് ഒപെക്; വില 72 ഡോളറിന് താഴെ

വിയന്ന: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ച തുടരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് ആറ് ഡോളര്‍ കുറഞ്ഞ് 71.25 ഡോളറിലേക്ക് താഴ്ന്നു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതാണ് വില പെട്ടെന്ന് താഴാന്‍ വഴിയൊരുക്കിയത്. വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും സൗദി അറേബ്യ ഉത്പാദനം കുറയ്ക്കാനുള്ള നിര്‍ദേശത്തെ എതിര്‍ത്തു. ഒടുവില്‍ സൗദിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിലവില സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വെനിസ്വേലയും ഇറാനും ഉല്‍പാദനം കുറയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. വില ബാരലിന് 65 ഡോളര്‍ വരെ താഴ്ന്നാലും സ്വീകാര്യമാണ് എന്ന നിലപാടായിരുന്നു പൊതുവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചത്.
2010 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഇപ്പോള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ വില 30 ശതമാനമാണ് താഴേക്ക് പോയത്. ഉത്പാദനം വെട്ടിക്കുറയ്ക്കാത്ത പക്ഷം വില ബാരലിന് 60 ഡോളറിലേക്ക് താഴ്‌ന്നേക്കാമെന്നാണ് ഫണ്ട് മാനേജര്‍മാര്‍ പറയുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില കുറയുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന് ഇന്ത്യയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 58.62 നിലവാരത്തില്‍ തുടരുകയുമാണെങ്കില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വന്‍ തോതില്‍ കുറയും. ബെന്റ് ക്രൂഡിന്റെ വില 60 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ പെട്രോളിന്റെ വില 60 രൂപ വരെയായി കുറയാം. .ഉത്പാദനത്തില്‍ പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെയെങ്കിലും കുറവ് വരുത്തിയില്ലങ്കില്‍ വില 60 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകള്‍ .
2011 ലെ തീരുമാന പ്രകാരം പ്രതിദിനം 30 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഏറ്റവും ഗുണഫലം ലഭിക്കുക ഇന്ത്യക്കായിരിക്കും. ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍  വിലകുറയുന്നത് ഇറക്കുമതി ചെലവ് കുറക്കുകയും, വ്യാപാര കമ്മിയും ധനകമ്മിയും കുറക്കാന്‍ ഇടയാക്കുകയും ചെയ്യും.

You must be logged in to post a comment Login