എനിക്ക് നിങ്ങളെ അറിയാം, ട്വിറ്ററില്‍ കുട ചൂടി നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ടെന്ന് മോദി; നിങ്ങള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് മാധ്യമപ്രവര്‍ത്തക; വിമര്‍ശനവുമായി മോദി ആരാധകര്‍ (വീഡിയോ)

ട്വിറ്ററില്‍ നിങ്ങളെ അറിയാമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അതിന് നിങ്ങള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകയുടെ മറുപടി രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി. റഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇക്കോണമിക് ഫോറത്തില്‍ വ്‌ലാദിമിര്‍ പുടിനും നരേന്ദ്രമോദിക്കുമൊപ്പം എന്‍ബിസിയുടെ പ്രതിനിധിയായി മെഗിന്‍ കെല്ലി ചേരുന്നുവെന്ന് വളരെ അഭിമാനത്തോടെയാണ് എന്‍ബിസി (നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി) ന്യൂസ് ട്വിറ്ററില്‍ കുറിച്ചത്. തെളിവായി ഇരുവര്‍ക്കുമൊപ്പം സംസാരിച്ചുനില്‍ക്കുന്ന തങ്ങളുടെ മാധ്യമപ്രവര്‍ത്തക മെഗിന്‍ കെല്ലിയുടെ വീഡിയോയും ചാനല്‍ പോസ്റ്റ് ചെയ്തു. പക്ഷേ, വീഡിയോയില്‍ മോദിയുമായുള്ള മെഗിന്‍ കെല്ലിയുടെ സംഭാഷണം ശ്രദ്ധിച്ച ട്വിറ്റര്‍ ഉപഭോക്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മോദിയെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെയും അഭിമുഖം ചെയ്യുന്നതിന് മുന്നോടിയായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് കെല്ലിക്ക് അബദ്ധം പറ്റിയത്. പരസ്പരം കൈകൊടുത്ത് സംസാരിക്കുന്നതിനിടെ, ”എനിക്ക് നിങ്ങളെ അറിയാം, ട്വിറ്ററില്‍ കുട ചൂടി നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്”എന്ന് മോദി കെല്ലിയോട് പറഞ്ഞു. ഉടനെ ”നിങ്ങള്‍ ട്വിറ്ററില്‍ ഉണ്ടോ” എന്നായിരുന്നു മോദിയോട് കെല്ലിയുടെ ചോദ്യം.

ട്വിറ്ററില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള മൂന്നാമത്തെ ആളാണ് നരേന്ദ്രമോദി. ഇതുപോലും അറിയാതെയാണോ നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയത് എന്നാണ് മോദിയെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖത്തിന് മുമ്പ് അവരെ കുറിച്ച് അറിയാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഒരു മാധ്യമപ്രവര്‍ത്തകയുടെ ധര്‍മമാണ്. മെഗിന്‍ കെല്ലിയുടെ ഭാഗത്തുനിന്ന് അതുണ്ടായില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കി.

You must be logged in to post a comment Login