എനിക്ക് വൈകിയിട്ടില്ല; ടീം ഇന്ത്യയിലേക്ക് തിരിച്ചുവരും: ഇര്‍ഫാന്‍ പത്താന്‍

southlive-2016-08-3985a36a-19a0-42f6-abfb-fde14c1bd4cd-irfanഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തനിക്ക് 31 വയസ്സ് മാത്രമേ ആയിട്ടുള്ളുവെന്നും മടങ്ങിവരാന്‍ തനിക്കേറെ അവസരമുണ്ടെന്നും പത്താന്‍ പറയുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രചരണാര്‍ത്ഥം ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍. നാലു വര്‍ഷം മുമ്പാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.

എനിക്ക് 31 വയസ്സായിട്ടേയുളളു, അടുത്ത 56 വര്‍ഷം കൂടി ഞാന്‍ കളിക്കളത്തിലുണ്ടാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിലെത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് താനായിരുന്നു. അതേ ഫോം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ എന്ത്‌കൊണ്ട് ടീമില്‍ തിരിച്ചെത്താന്‍ കഴിയില്ല
പത്താന്‍ ചോദിക്കുന്നു

ജനങ്ങള്‍ എന്റെ കരിയറിനെ കുറിച്ച് മോശം പറയുമ്പോള്‍ എനിക്ക് തോന്നുക എന്റെ 301 അന്താരാഷ്ട്ര വിക്കറ്റുകളെ പുച്ഛിക്കുകയാണ് അവരെന്നാണ്, ദയവായി അങ്ങനെ ചെയ്യരുതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
2004 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റം. കപില്‍ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് വാഴ്ത്തപ്പെട്ട പത്താന്‍ 2006 ല്‍ പാകിസതാനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യ ഓവറില്‍ ഹാട്രിക്ക് നേടുന്ന ബൗളറായി. എന്നാല്‍ 2007 ല്‍ ബൗളിങ്ങില്‍ ഫോം നഷ്ടപ്പെട്ട പത്താന്‍ ടീമില്‍ നിന്നും പുറത്തായി. അപ്പോഴും പത്താനെന്ന ബാറ്റ്‌സ്മാന്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. പത്താന്‍ പിന്നീട് ടീമിലേക്ക് തിരിച്ചു വരുന്നത് 2007 ല്‍ ദക്ഷണാഫ്രിക്കയില്‍ വെച്ച് നടന്ന ആദ്യ ട്വന്റി20 ലോകകപ്പിലാണ്. ഇന്ത്യക്ക് ആ ലോകകപ്പ് നേടി കൊടുക്കുന്നതില്‍ പത്താന്റെ ബൗളിങ് പ്രധാന പങ്കുവഹിച്ചു. ഫൈനലില്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയ പത്താനായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

അടുത്ത ഒരു വര്‍ഷം ടീമിലെ സ്ഥിര അംഗമായിരുന്നു പത്താന്‍. 2007 അവസാനത്തോടെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട പത്താന്‍ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണത് ആഘോഷിച്ചത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ പിടിച്ചു നില്‍ക്കാന്‍ പത്താന് സാധിച്ചില്ല. ബൗളിങ്ങിലെ ഫോമിലായ്മയും പരിക്കും പത്താന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം തെറിപ്പിച്ചു. 2008 ഏപ്രിലില്‍ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ 24ാം വയസ്സിലാണ് പത്താന്‍ അവസാനമായൊരു ടെസ്റ്റ് മത്സരം കളിക്കുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായുള്ള മികച്ച പ്രകടനം 2011 ല്‍ വീണ്ടും പത്താനെ ഏകദിന ടീമില്‍ സ്ഥാനം നേടി കൊടുത്തു.

തിരിച്ചു വരവില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പത്താന് സാധിച്ചു. 2012 ല്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ പത്താന്‍ തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് പത്താനെ വലച്ചു. ടീമില്‍ നിന്നും പത്താന്‍ വീണ്ടും പുറത്തായി. 2014 ല്‍ ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായി പത്താന്‍ വീണ്ടും മടങ്ങിയെത്തി. 2016 ല്‍ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. 2016 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്ക് പുണെ പത്താനെ സ്വന്തമാക്കി. എന്നാല്‍ ചുരുക്കം ചില മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തെ പുണെ കളിപ്പിച്ചത്.

You must be logged in to post a comment Login