എന്താണ് കാര്‍ ഷെയറിങ് അഥവാ ടാക്‌സി പൂളിങ്?

നമ്മളില്‍ പലരും ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നവരാണ്. അടുത്തകാലത്തായി ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സികളിലെ പൂളിംങ് അഥവാ ഷെയറിംങ് ഉള്‍പ്പെടെയുള്ള പുതിയ യാത്രാ സൗകര്യങ്ങളെ പറ്റി പലര്‍ക്കും അറിയില്ലെന്നതാണ് കാര്യം. കാര്‍ ഷെയറിംങ് എന്താണെന്ന് യാത്രക്കാര്‍ക്ക് മനസിലാക്കികൊടുക്കാത്തതിന്റെ അപാകതയാണ് കൊച്ചിയില്‍ നടന്ന ടാക്‌സി ഡ്രൈവറെ മൂന്ന് യുവതികള്‍ ചേര്‍ന്ന് അക്രമിച്ചത്. ഇനി ഈ പ്രശ്‌നം കൊണ്ട് എല്ലാവരും എന്താണ് കാര്‍ ഷെയറിംങ് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗില്‍ ഉള്‍പ്പെടുത്തുക. മുന്‍പരിചയമില്ലാത്ത നാലുപേര്‍ കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുകയാണ് ഇവിടെ. അതായത് ഇതില്‍ ഒരാള്‍ ഡ്രൈവറും കാറിന്റെ ഉടമയുമാണ്. മറ്റു മൂന്നു പേരാണു യഥാര്‍ഥ യാത്രക്കാര്‍. മൂന്നിടത്തുനിന്നു കാറില്‍ കയറുന്ന ഓരോരുത്തരും ഇറങ്ങുന്നത് വ്യത്യസ്ത സ്ഥലത്താണ്. കൂടാതെ അഞ്ചോ ആറോ കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിനേക്കാളും പണം ലാഭിക്കാവുന്ന ഒരു രീതിയാണ് ഇത്. പല സ്ഥാപനങ്ങളും കൂടുതല്‍ നഗരങ്ങളിലേക്ക് അവരുടെ സര്‍വീസ് വ്യാപിപ്പിക്കും.

അപ്പോള്‍ പ്രധാന നഗരത്തിലെ കുറേ ഡ്രൈവര്‍മാര്‍ പുതിയ നഗരത്തിലെ ഓട്ടങ്ങള്‍ക്കു കമ്പനികള്‍ അനുവദിക്കുന്ന ആനൂകൂല്യങ്ങള്‍ മുതലാക്കാന്‍ അങ്ങോട്ടു മാറും. ഇങ്ങനെ പോവുന്ന കാറുകളുടെ കുറവു നികത്താനാണു കമ്പനികള്‍ കാര്‍ പൂളിങ്ങ് അഥവാ ഷെയറിംങ് പ്രോല്‍സാഹിപ്പിക്കുന്നത്.

ഉദാഹരണമായി 200 രൂപയ്ക്ക് ഒരു യാത്രക്കാരനുമായി ഓടേണ്ടി വരുന്ന ദൂരത്തേക്കു 150 രൂപവീതം ഈടാക്കി മൂന്നു യാത്രക്കാരെ ലഭിക്കും. അതായത് 200 രൂപയെന്നതില്‍ നിന്നും 600 രൂപ കമ്പനിയുടെ കൈകളിലെത്തും. പലപ്പോഴും ഒറ്റ കാര്‍ വിളിച്ചു പോവാന്‍ നഗരത്തില്‍ കാറുകളുടെ കുറവ് അനുഭവപ്പെടുമ്പോഴാണു കമ്പനികള്‍ ഷെയര്‍ കാറിനെ പ്രോല്‍സാഹിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരേ റൂട്ടില്‍ സഞ്ചരിക്കാനുള്ള മൂന്നു യാത്രക്കാര്‍ക്കു ചെറിയ കൂലി ഇളവു വാഗ്ദാനം ചെയ്ത് ഇവരെ ഒരു കാറില്‍ കയറ്റിക്കൊണ്ടു പോവുന്നു. കൂടുതല്‍ ലാഭം കമ്പനികള്‍ക്ക് തന്നെയാണ്.

കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരായിട്ടാണ് നാം യാത്ര ഷെയര്‍ ചെയ്യുന്നത്. അപ്പോള്‍ അത് അനുസരിച്ച് വേണം നാം പെരുമാറേണ്ടത്. ഓണ്‍ ലൈന്‍ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചു ശീലമുള്ളവര്‍ക്കു ടാക്‌സി ഷെയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

യാത്രയുടെ അവസാനം യാത്രക്കാര്‍ക്കു ഡ്രൈവറെയും തിരിച്ചു ഡ്രൈവര്‍ക്കു യാത്രക്കാരെയും പരസ്പരം വിലയിരുത്തി മാര്‍ക്കിടാനുള്ള അവസരവും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ആപ്പുകള്‍ നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാം. ഓരോ ദിവസവും ആഴ്ചയും ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്കു കൂടുതല്‍ ഓട്ടം ലഭിക്കും. മികച്ച റേറ്റിങ് ലഭിക്കുന്ന യാത്രക്കാര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വണ്ടി കിട്ടും. റേറ്റിങ് 4.30 യില്‍ കുറവു വന്നാല്‍ ഡ്രൈവര്‍ക്ക് പണികിട്ടുന്നതു പോലെ യാത്രക്കാര്‍ക്കും പണി കിട്ടുമെന്ന് ചുരുക്കം. ഈ സംവിധാനങ്ങളൊക്കെ ഫലപ്രദമായി ഉപയോഗിച്ച് മാന്യമായി യാത്ര ചെയ്യുക.

You must be logged in to post a comment Login