എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറയുന്നേ?; ദിലീപ് ജീവിതത്തില്‍ പറഞ്ഞ ഡയലോഗ് സിനിമയില്‍ ഗോകുല്‍ പറയുന്നു; വൈറലായി ഇരയുടെ ടീസര്‍ (വീഡിയോ)

ജനപ്രിയ നായകന്‍ ദിലീപിന് തിരിച്ചടികളുടെ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇറങ്ങിയ ടീസര്‍ അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നേ’- നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ഡയലോഗാണ് ഇരയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോകുല്‍ സുരേഷ് ആണ് ഈ ഡയലോഗ് പറയുന്നത്. ഇതോടെയാണ് ഇര ദിലീപിന്റെ കഥയല്ലേയെന്ന തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചത്.

മിയ ജോര്‍ജും നിരഞ്ജനയുമാണ് ചിത്രത്തിലെ നായികമാര്‍. ഇര മാര്‍ച്ച് 16നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഇര എന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ ഈ സിനിമ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിലീപിന്റെ ജീവിതത്തിലെ ആ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സ്ഥിരീകരണവും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ഇന്ത്യയൊട്ടാകെ ആയി മുന്നൂറോളം തീയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. പുലിമുരുകന്റെ സംവിധായകനായ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്നാണ് ഇര നിര്‍മ്മിക്കുന്നത്. വൈശാഖന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സൈജു സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. നവീന്‍ ജോണാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

You must be logged in to post a comment Login