എന്തുകൊണ്ടാണ് സഖാവേ യൂണിവേഴ്‌സിറ്റി കോളെജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച കോടിയേരിയോട് സൂര്യഗായത്രി ചോദിക്കുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂണിവേഴ്‌സിറ്റി കോളെജ് സംഭവത്തിലെ പരാതിക്കാരി സൂര്യഗായത്രിയുടെ ചോദ്യം.
നടി അപമാനിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ കോടിയേരി പ്രതികരിച്ചിരുന്നു.

അപമാനിക്കപ്പെട്ട നടിയുമായി ഫോണില്‍ സംസാരിച്ചെന്നും അക്രമികളെ പിടികൂടാന്‍ എന്ത് സഹായവും നല്‍കുമെന്നും ആയിരുന്നു കോടിയേരിയുടെ പോസ്റ്റ്. ഇതിന് താഴെ കമന്റായാണ് യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ഥിനിയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ സദാചാര പൊലീസിങ്ങിന് ഇരയുമായ സൂര്യഗായത്രി പ്രതികരിച്ചത്.

‘അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖനടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്..പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?’കമന്റില്‍ സൂര്യഗായത്രി ചോദിക്കുന്നു. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോയെന്നും കമന്റില്‍ ചോദിക്കുന്നു.

കോളെജില്‍ നാടകം കാണാനെത്തിയതായിരുന്നു യൂണിവേഴ്‌സിറ്റി കോളെജിലെ തന്നെ വിദ്യാര്‍ഥിനികളായ സൂര്യഗായത്രിയും അസ്മിതയും. ഇവര്‍ക്കൊപ്പം എത്തിയ സുഹൃത്ത് ജീജേഷിനാണ് എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവം വന്‍ വിവാദമാവുകയും നിരവധി ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login