എന്തുകൊണ്ട് നിവിന്‍ കൊച്ചുണ്ണിയായി ; കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത്

കൊച്ചി: കായംകുളം കൊച്ചുണ്ണിയുടെ വരവിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്. ചിത്രത്തിനു വേണ്ടി വ്യത്യസ്ത മേക്ക് ഓവര്‍ തന്നെയായിരുന്നു നിവിന്‍ പോളി നടത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കൊച്ചുണ്ണിയാവാന്‍ നിവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ ശ്രദ്ധേയരായ യുവതാരങ്ങള്‍ വേറെയുണ്ടെങ്കിലും നിവിന്‍ പോളിയില്‍ എത്തിയതിന്റെ കാരണമായിരുന്നു സഞ്ജയ് പറഞ്ഞത്

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള റോഷന്‍ ആന്‍ഡ്രൂസ് ആണ് കായംകുളം കൊച്ചുണ്ണിയുമായി എത്തുന്നത്. റോഷന്‍ ആദ്യമായിട്ടാണ് ചരിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ചിത്രവുമായി എത്തുന്നത്.റോഷന്റെ മേക്കിങ്ങിനൊപ്പം നിവിന്റെ പ്രകടനവുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക.

കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രമായി മാത്രം കാണാന്‍ കഴിയില്ലെന്നും തികച്ച സാധാരണ മനുഷ്യനായിരുന്നു അദ്ദേഹമെന്നും സഞ്ജയ് പറയുന്നു. പിന്നീടാണ് കളളനായി മാറിയിരുന്നത്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയാണ് ഞങ്ങള്‍ നിവിന്‍ പോളിയിലേക്ക് എത്തിയത്,സഞ്ജയ് പറയുന്നു.

ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ആ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ നിവിന്‍ പോളിക്ക് സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍ നന്നായി തന്നെ നിവിന്‍ അവതരിപ്പിച്ചു. നിവിന് നൂറ് ശതമാനം കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജയ് പറയുന്നു. 160 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നിവിന്‍ ചെലവഴിച്ചത്. നിവിനെ പോലെ തിരക്കുളള ഒരു നടന്‍ ഇത്രയും ദിവസം നീക്കിവെച്ചത് അദ്ദേഹത്തിന്റെ അത്മാര്‍ത്ഥത കൊണ്ടാണെന്നും അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.

വമ്പന്‍ റിലിസുമായി എത്തിയ ചിത്രം കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതുമോ എന്നുളളത് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും എത്തുന്നു എന്നതാണ് ചിത്രത്തിനുമേല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയ ആനന്ദ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി,സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

You must be logged in to post a comment Login