എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഉപേക്ഷിച്ചു? ആരാധകരുടെ ഹ്യൂമേട്ടന്‍ മനസ് തുറക്കുന്നു

മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള വിദേശ താരമാണ് ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടന്‍. ആദ്യ സീസണില്‍ തന്നെ മഞ്ഞ കുപ്പായത്തില്‍ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഹ്യൂം രണ്ടാം സീസണില്‍ കൊല്‍ക്കത്തയിലേക്ക് കൂടുമാറി. കഴിഞ്ഞ സീസണിലാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, പുതിയ സീസണില്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ല. പൂനെ സിറ്റിക്ക് വേണ്ടിയാകും ഇത്തവണ ഹ്യൂം ബൂട്ടണിയുക. എന്തുകൊണ്ടാണ് പൂനെ തെരെഞ്ഞെടുത്തതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ സീസണിലേറ്റ പരിക്ക് തന്നെയാണ് പൂനെയിലെത്താന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘ പല ക്ലബ്ബുകളും ഓഫറുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, പൂനെ മാത്രമാണ് എന്റെ ചികിത്സ ഏറ്റെടുത്തത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായ ശേഷം കളിച്ചാല്‍ മതിയെന്നതും അവരുടെ ഓഫറിന്റെ ഭാഗമായിരുന്നു. അതിനാലാണ് പൂനെ തെരെഞ്ഞെടുത്തത് ‘ ഹ്യൂം പറഞ്ഞു.

തനിക്ക് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ ടീം കൂടെയുണ്ടെന്നും, എത്രയും വേഗം തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഹ്യൂം പറഞ്ഞു. പരിചയ സമ്പത്തും യുവത്വവും ടീമിന്റെ മുതല്‍ കൂട്ടാണെന്നും, ഫൈനല്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഹ്യൂം കൂട്ടിച്ചര്‍ത്തു. പൂനെ ഇപ്പോള്‍ ഗോവയില്‍ പരീശീലനത്തിലാണ്.

ടീം വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെകുറിച്ച് പറയാന്‍ ഹ്യൂം പ്രത്യേക താത്പര്യം എപ്പോഴും കാണിക്കാറുണ്ട്. ‘ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എന്നുമൊരു അത്ഭുതമാണ്. സ്വന്തം ടീമിന് പിന്തുണയുമായി അവര്‍ എവിടെയുമെത്തും. ബ്ലാസ്റ്റേഴ്‌സിനെതിരെ അവരുടെ തട്ടകത്തില്‍ പൂനെക്കായി കളിക്കുന്നത് മനസിന് ബുദ്ധിമുട്ടുള്ള കാര്യമാണ് ‘ ഹ്യൂം പറഞ്ഞു.

സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ഐഎസ്എല്‍ ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

You must be logged in to post a comment Login