‘എന്റെ ചിരി നിങ്ങള്‍ കാണുന്നില്ലേ, അത് ആത്മവിശ്വാസത്തിന്റേതാണ്; വിശ്വാസവോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ദിഗ് വിജയ് സിങ്


പനാജി: വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ‘എന്റെ ചിരി നിങ്ങള്‍ കാണുന്നില്ലേ, അത് ആത്മവിശ്വാസത്തിന്റേതാണ്. വിശ്വാസ വോട്ടെടുപ്പിനെ ഞങ്ങള്‍ തോല്‍പ്പിക്കും’-ദിഗ് വിജയ് സിംഗ് പറഞ്ഞു.

ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രനും ഒരു ചെറു പാര്‍ട്ടി എംഎല്‍എയും തങ്ങളുമായി ചര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അവരുടെ പിന്തുണ ലഭിച്ചാല്‍ സഭയിലെ കോണ്‍ഗ്രസിന് 19 എംഎല്‍എമാരുടെ പിന്തുണ ലഭിക്കും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 പേരുടെ പിന്തുണയാണ്. വിശ്വാസ വോട്ടെടുപ്പിനെ തോല്‍പ്പിക്കാന്‍ ബിജെപി സര്‍ക്കാരില്‍ നിന്നും രണ്ട് എംഎല്‍എമാരെ കൂടി അടര്‍ത്തി മാറ്റി സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങുന്നത്. 17 അംഗങ്ങളുമായി വലിയ ഒറ്റകക്ഷി ആയിരിക്കെ തങ്ങളെ മറികടന്ന് ഗവര്‍ണര്‍ 13 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 40 അംഗ നിയമസഭയില്‍ ബിജെപിക്കുള്ളത് 21 പേരുടെ പിന്തുണയാണ്. കൂടെ നിന്ന ചെറുപാര്‍ട്ടി എംഎല്‍എമാര്‍ക്കും രണ്ട് സ്വതന്ത്രന്‍മാര്‍ക്ക് പരീക്കര്‍ സര്‍ക്കാര്‍ മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. പരീക്കര്‍ അടക്കം അധികാരമേറ്റ പത്ത് പേരില്‍ മൂന്നുപേര്‍ മാത്രമാണ് ബിജെപിയില്‍ നിന്നുള്ളത്.ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം വകുപ്പ് വിഭജനം നടത്തുമെന്നാണ് പരീക്കര്‍ പറഞ്ഞിരുന്നത്.

അതേസമയം കോണ്‍ഗ്രസിന് ഗോവയില്‍ ഭരണം നഷ്ടമായത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് ആരോപിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ സമയത്ത് കേന്ദ്രനേതൃത്വം ഇടപെടല്‍ നടത്താത്തതിനാലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയതെന്ന വിമര്‍ശനമാണ് ചൊവ്വാഴ്ച്ച ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ പാര്‍ട്ടി നേതൃത്വം കാണിച്ച അലംഭാവമാണ് ബിജെപി മുതലെടുത്തതെന്നും വിജയിച്ചിട്ടും കേവല ഭൂരിപക്ഷത്തിന് നാല് പേരെ കൂടി ഒപ്പം നിര്‍ത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്നുമാണ് ഗോവയിലെ കോണ്‍ഗ്രസുകാരുടെ പൊതുവികാരം. സര്‍ക്കാര്‍ രൂപീകരണത്തില്‍ വീഴ്ച്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരു വിഭാഗം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിക്കുകയും ചെയ്തു.

സംസ്ഥാനത്തെ 40 അംഗ നിയമസഭയില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റ്. 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഭരണതുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിയ്ക്ക് ലഭിച്ചത് 13 സീറ്റും. മുഖ്യമന്ത്രി ലക്ഷ്മകാന്ത് പര്‍സേക്കര്‍ പരാജയമറിഞ്ഞു. ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും(എംജിപി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മൂന്ന് സീറ്റുകളില്‍ വിജയിച്ചു. എന്‍സിപി ഒരു സീറ്റും സ്വതന്ത്രര്‍മാര്‍ മൂന്ന് സീറ്റും ലഭിച്ചു.

You must be logged in to post a comment Login