എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; കുമ്മനത്തിന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും

ആലപ്പുഴ: എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കാനാണ് തീരുമാനം.

വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ഇടതു-വലതു മുന്നണിയിലേക്ക് ചേക്കാറാന്‍ ബിഡിജെഎസില്‍ നീക്കം ശക്തമാണ്.

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നതാണ്.  വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയുടെ വക്താവല്ല. മുന്നണിമാറ്റം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു തുഷാര്‍ പറഞ്ഞിരുന്നത്.

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂവെന്നായിരുന്നുവെന്ന് വെള്ളാപ്പള്ളി മുമ്പ് ആരോപിച്ചിരുന്നതാണ്. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിന് സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബിഡിജെഎസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ, അന്നു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങൾ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിരുന്നു. സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ട് അവ നൽകിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി നടേശൻ തന്നെ കുറ്റപ്പെടുത്തിയിരുന്നു.

You must be logged in to post a comment Login