എന്‍ ശ്രീവിനാസന് തെരഞ്ഞെടുക്കപ്പെട്ടാലും ചുമതലയേല്‍ക്കാനാകില്ല

എന്‍ ശ്രീനിവാസന്‍ ബിസിസിഐ അദ്ധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാലും ചുമതല ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റന്നാള്‍ ബിസിസിഐയുടെ വാര്‍ഷിക പൊതു യോഗം ചേരുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്‍ ശ്രീനിവാസന്‍ ബിസിസിഐ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി ശ്രീനിവാസന്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാലും ചുമതല ഏല്‍ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എന്‍ ശ്രീനിവാസന്‍ മല്‍സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ എകെ പട്‌നായ്ക്, ജഗ്ദീഷ് സിംഗ് ഖേഹര്‍ എന്നിവര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ശ്രീനിവാസന് അദ്ധ്യക്ഷനായി ചുമതല ഏല്ക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതുവരെ ഇടക്കാല അദ്ധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ തുടരും.

മരുമകന്‍ വാതുവയ്പ്പ് കേസ് കുറ്റപത്രത്തിലുള്ള സ്ഥിതിക്ക് എങ്ങനെ ശ്രീനിവാസന് അദ്ധ്യക്ഷനായി തുടരാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. എന്താണ് വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് ശ്രീനിവാസന് ഇത്ര നിര്‍ബന്ധം? കോടതിക്ക് വ്യക്തികളെ അറിയില്ല ബിസിസിഐയേയും ക്രിക്കറ്റിനേയും മാത്രമേ അറിയൂ എന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ കോടതി ഉത്തരവ് വരും വരെ ശ്രീനിവാസന് കാത്തിരിക്കേണ്ടിവരും.

You must be logged in to post a comment Login