എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ചേക്കും

 


ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സ്വകാര്യവത്കരണ നടപടികളില്‍ പുനരാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തി

ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ പലവഴികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ 24 ശതമാനം കൈവശം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പുനരാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഈ വാക്കുകളാണ് ഓഹരികള്‍ പൂര്‍ണമായും വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍.

160 ഓളം വ്യക്തികളാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങുന്നതിനായി വ്യോമഗതാഗത മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ കച്ചവടം മാത്രം നടന്നില്ല.
എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവില്‍ കടമുണ്ട്. നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ടുവെച്ചിരുന്നു. മുമ്പ് എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

You must be logged in to post a comment Login