എയര്‍ ഇന്ത്യ എക്സ് പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍; ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം

 

കൊച്ചി: മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇത് പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്ക് യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരുന്നതിനും തീരുമാനം ബാധകമാണ്.

സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്ന് മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

You must be logged in to post a comment Login