എയര്‍ ഏഷ്യക്കെതിരെ വീണ്ടും ഇന്ത്യന്‍ വ്യോമയാന ലോബി

ചെലവു കുറഞ്ഞ സര്‍വീസ് ആയ എയര്‍ ഏഷ്യ ഇന്ത്യക്കെതിരെ ഇന്ത്യയിലെ വ്യോമയാന ലോബി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ് ഐ എ) എതിര്‍പ്പ് ശക്തമാക്കുന്നു. എയര്‍ ഏഷ്യയുടെ ഇന്ത്യയിലേക്കുളള കടന്നുവരവ് തടയണമെന്നാവശ്യപ്പട്ട് എഫ്‌ഐഎ പ്രധാമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. ടാറ്റാ സണ്‍സ്, ടെലിസ്ട്ര ട്രേഡ്‌പ്ലേസ്, മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ എന്നിവയുള്‍പ്പെട്ട സംയുക്ത സംരംഭമാണ് എയര്‍ഏഷ്യ ഇന്ത്യ.
എയര്‍ ഏഷ്യ ഇന്ത്യക്ക് പെര്‍മിറ്റ് (അഛജ)നല്‍കുന്നതില്‍ നിന്നും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) തടയണമെന്നും വിദേശ വ്യോമയാന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച നയത്തില്‍ വ്യക്തത വരുത്തണമെന്നും എഫ്‌ഐഎ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസര്‍കാറിന്റ നയം പുതിയ വിദേശ കമ്പനികള്‍ക്ക് പുതുതായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതല്ലെന്നും നിലവിലെ വ്യോമയാന കമ്പനികളില്‍ നിക്ഷേപത്തിന് മാത്രമാണ് അനുമതിയെന്നുമാണ് ഇവരുടെ നിലപാട്. എയര്‍ ഏഷ്യക്ക് എയര്‍ ഓപറേറ്റേഴ്‌സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.
തുടങ്ങാനിരിക്കുന്ന വ്യോമായാന കമ്പനിയുടെ 49 ശതമാനം ഓഹരി മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യക്ക് ലഭിക്കുന്നതോടെ കമ്പനിയുടെ നിയന്ത്രണം ഏറെക്കുറെ അവരിലേക്ക് വരുമെന്നും ഇത് രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും എഫ്‌ഐഎ വാദിക്കുന്നു. നിലവില്‍ എയര്‍ ഏഷ്യക്ക് നല്‍കിയ എന്‍ഒസി യോഗ്യതകള്‍ അനുസരിച്ചല്ലെന്നും അതിനാല്‍ പിന്‍വിലിക്കണമെന്നും എഫ്‌ഐഎ അസോസിയേറ്റ് ഡയരക്ടര്‍ ഉജ്ജ്വല്‍ ദേ പറഞ്ഞു.
നേരത്തെ എയര്‍ ഏഷ്യക്കെതിരെ എഫ്‌ഐഎയും ഇന്‍ഡിഗോയും നല്‍കിയ പരാതി ഡിജിസിഎയും സുപ്രീംകോടതിയും തള്ളിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
ഈ വേനലവധിക്കാലത്ത് സര്‍വീസ് തുടങ്ങുന്നതിന് വേണ്ടിയുള്ള അവസാന അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് എയര്‍ ഏഷ്യ. കുറഞ്ഞ നിരക്കില്‍ രാജ്യത്ത് സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് എയര്‍ഏഷ്യ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ സംരംഭത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള എന്‍.ഒ.സിയും കഴിഞ്ഞ വര്‍ഷം ലഭിച്ചു. ഡി.ജി.സി.എ.യില്‍ നിന്ന് ഫഌയിങ് ലൈസന്‍സ് കൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാനാകും.
2012 സെപ്റ്റംബറില്‍ വിദേശ വിമാന കമ്പനികള്‍ക്ക് 49 ശതമാനം ഓഹരി പങ്കാളിത്തം അനുവദിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതോടെയാണ് എയര്‍ ഏഷ്യ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം ആരംഭിച്ചത്.

You must be logged in to post a comment Login