എയര്‍ ഏഷ്യ വിമാന ദുരന്തം ; സംശയമുണര്‍ത്തി ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹം കണ്ടെത്തി

 ജക്കാര്‍ത്ത: മരണം മുന്നില്‍ കണ്ട എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്നതിന് തെളിവ്. ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹവും കണ്ടെത്തിയതോടെ ആണിത്. ദുരന്തം മുന്നില്‍ കണ്ട യാത്രക്കാരെല്ലാം രക്ഷപ്പെടാനുള്ള നീക്കം നടത്തിയിരിക്കാമെന്നാണ് വിലയിരുത്തുന്നത്. വിമാനം വെള്ളത്തിലേക്ക് ഇടിച്ചിറങ്ങിയതാകാമെന്നും വിലയിരുത്തുന്നുണ്ട്. വിമാനം കത്തിയതിന്റെ സൂചനകള്‍ മൃതദേഹങ്ങളില്‍ നിന്നോ, വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നോ മനസിലാക്കാനായിട്ടില്ല. വിമാനം അപകടത്തിലാണെന്ന സന്ദേശങ്ങളൊന്നും പൈലറ്റുമാര്‍ കൈമാറിയിട്ടില്ല. കാലാവസ്ഥ മോശമായതിനാല്‍ ഉയര്‍ന്നുപറക്കാന്‍ പൈലറ്റുമാര്‍ അനുമതി തേടിയിരുന്നു. ഇതിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്. അതിനിടെ എയര്‍ ഏഷ്യ വിമാനത്തിലെ മൂന്ന് യാത്രക്കാരുടെ മൃതദേഹം ഇന്തോനേഷ്യയിലെ ജാവ കടലില്‍ കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്്.  അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നേരത്തേ 40 മൃതദേഹം കണ്ടെത്തിയെന്നാണ് നേവി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് തെറ്റാണെന്നും മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും തെരച്ചില്‍ സംഘ തലവന്‍ ബംബാങ് സോളിസ്‌റ്റോ അറിയിക്കുകയായിരുന്നു.
ബൊര്‍ണിയൊ പ്രവിശ്യയില്‍നിന്ന് തെക്കുപടിഞ്ഞാറ് മാറി കരിമറ്റ കടലിടുക്കില്‍ ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹങ്ങളും വിമാനഭാഗങ്ങളും.
ഇക്കാര്യം ഇന്തോനേഷ്യന്‍ നാവികസേനയും വിമാനക്കമ്പനിയായ എയര്‍ ഏഷ്യയും സ്ഥിരീകരിച്ചു. വിമാനത്തിന്റെ രക്ഷാവാതില്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയത്. അതേസമയം
ഇതിനിടെ ജാവ കടലില്‍ തകര്‍ന്ന എയര്‍ ഏഷ്യ വിമാനം ബോര്‍ണിയോയ്ക്കു സമീപം കണ്ടെത്തിയതായി സൂചനയുണ്ട്. അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടതിനു സമീപമാണ് 50 മീറ്റര്‍ ആഴത്തില്‍ വിമാനമുള്ളതായി സോണാര്‍ പരിശോധനയില്‍ സൂചന ലഭിച്ചത്. വിമാനം കടലില്‍ പതിച്ചതിനു ശേഷമാണ് തകര്‍ന്നതെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.  ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ എയര്‍ബസ് വിമാനം ഞായറാഴ്ചയാണ് കാണാതായത്.
30 കപ്പലുകളും 15 വിമാനങ്ങളും ഏഴ് ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഇന്തോനേഷ്യയ്ക്ക് പുറമേ മലേഷ്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. അമേരിക്കയുടെ കപ്പലായ യു.എസ്.എസ്. എസ്. സാംസണ്‍ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

You must be logged in to post a comment Login