എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി; നിലയ്ക്കലില്‍ നിന്ന് സര്‍വീസ് 11.30ന് ശേഷം മാത്രം; നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ വീതം നിലയ്ക്കലിലേക്ക്

എരുമേലി: എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി 11.30ന് ശേഷം മാത്രമായിരിക്കും ആരംഭിക്കുക.

ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാന്‍ പൊലീസ് തീരുമാനിച്ചു. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുകയെന്നു പൊലീസ് അറിയിച്ചു. നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞത്. എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, നിലയ്ക്കലില്‍ നിന്നുള്ള തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. നടന്നുപോകുന്ന തീര്‍ഥാടകരെയാണ് കടത്തിവിട്ടത്. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.

You must be logged in to post a comment Login