എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് പരിഗണിച്ചും സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 14 ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും

ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ടും നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടിയായാണ് അവധി നൽകുന്നതെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എറണാകുളം ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 13 ) ചൊവ്വാഴ്ച്ച അതിതീവ്ര (204.5 mm വരെ) മഴയ്‌ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

അവധി ആഘോഷമാക്കാൻ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

IMD നൽകുന്ന അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടിമാത്രമാണ് അവധി . നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല . മുന്നൊരുക്കങ്ങൾ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണ് .

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

You must be logged in to post a comment Login