എലിപ്പനി: പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കും; തീവ്ര നടപടികളുമായി ആരോഗ്യവകുപ്പ്

 

തിരുവനന്തപുരം: കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന മറ്റു ജില്ലകളിലും രോഗവ്യാപനം തടയാനുള്ള തീവ്ര നടപടികളുമായി ആരോഗ്യവകുപ്പ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കുന്നതിനൊപ്പം എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എലിപ്പനി ബാധിച്ച് ഇന്നലെ പത്തുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തകരായവര്‍ ഉള്‍പ്പെടെ മരണത്തിന് കീഴടങ്ങി. 71പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 123പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടി. രോഗം കൂടുതല്‍ ജീവനുകള്‍ കവര്‍ന്ന കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അലോപ്പതി മരുന്ന് മാത്രമാണ് പ്രതിവിധിയെന്നും പ്രതിരോധ മരുന്ന് കഴിക്കാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു. മൂന്നാഴ്ചത്തേയ്ക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

You must be logged in to post a comment Login